അമൃതം പൊടി (ഫയൽ ചിത്രം) | ഫോട്ടോ: അഖിൽ ഇ. എസ്. / മാതൃഭൂമി
തിരുവനന്തപുരം: സുരക്ഷിതമല്ലാത്ത അമൃതം പൊടി അങ്കണവാടികള്‍ വഴി വിതരണം ചെയ്‌തെന്ന് സിഎജി റിപ്പോര്‍ട്ട്. നിയമസഭയില്‍ വെച്ച സിഎജിയുടെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഗുരുതരമായ ആരോപണമുള്ളത്.
ടി.എച്ച്.ആര്‍.എസ്. പദ്ധതി പ്രകാരം കേരള സര്‍ക്കാരിന്റെ സാമൂഹ്യനീതി വകുപ്പിലൂടെ വിതരണം ചെയ്യുന്നതാണ് അമൃതം പൊടി. പൂരക പോഷകാഹാരമെന്ന പേരില്‍ അങ്കണവാടികള്‍ വഴിയാണ് ഇവ വിതരണം ചെയ്യുന്നത്. അമൃതം പൊടിയുടെ ഉത്പാദനം കുടുംബശ്രീക്കാണ്.
സംസ്ഥാനത്ത് വിതരണംചെയ്ത 3,556.50 കിലോഗ്രാമോളം വരുന്ന അമൃതം ന്യൂട്രിമിക്‌സിന്റെ സാമ്പിളുകള്‍ പിന്നീട് പരിശോധിച്ചപ്പോള്‍ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയെങ്കിലും പിടിച്ചെടുക്കല്‍, തിരിച്ചെടുക്കല്‍ എന്നീ തുടര്‍നടപടികള്‍ ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. അങ്കണവാടികളില്‍ നിന്നും നിര്‍മാണയൂണിറ്റുകളില്‍ നിന്നും അമൃതം പൊടിയുടെ സാമ്പിളുകള്‍ ശേഖരിക്കുന്നതില്‍ കാലതാമസം ഉണ്ടായതായും റിപ്പോര്‍ട്ടിലുണ്ട്.
അമൃതം പൊടിക്ക് പുറമെ വിതരണംചെയ്ത 444 കിലോ ബംഗാള്‍ പയറും സുരക്ഷിതമല്ലായിരുന്നുവെങ്കിലും ഇവയും തിരിച്ചെടുക്കാന്‍ തയ്യാറായില്ല. നാല് ജില്ലകളിലായി പരിശോധനയില്‍ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയ 159 ഭക്ഷ്യ ഉത്പന്നങ്ങളില്‍ 35 എണ്ണം തിരികെ എടുത്തില്ല. മറ്റ് 106 കേസുകളില്‍ സ്വീകരിച്ച തുടര്‍നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാനത്ത് ഇന്ത്യന്‍ ഭക്ഷ്യസുരക്ഷാ അതോറിറ്റി വിജ്ഞാപനം ചെയ്ത ലബോറട്ടറികള്‍ ഭക്ഷ്യസുരക്ഷയ്ക്കായുള്ള ഘടകങ്ങള്‍ പരിശോധിക്കാന്‍ പൂര്‍ണ സജ്ജമല്ലെന്നും. നിരവധി ഘടകങ്ങളുടെ പരിശോധനയ്ക്ക് എന്‍.എ.ബി.എല്‍. (National Accreditation Board for Testing and Calibration Laboratorise) അക്രെഡിറ്റേഷന്‍ ഇനിയും ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
Content Highlights: Unsafe Amrutham podi, Nutri mix powder Distribution, CAG report, Malayalam News
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..