കൊച്ചി: ഉണ്ണി മുകുന്ദന്‍ നായകനായി അഭിനയിക്കുന്ന ചിത്രത്തിന്റെ സെറ്റില്‍ മാതൃഭൂമി ന്യൂസ് സംഘത്തിനു നേരെ ഗുണ്ടായിസം. മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ എം.എസ്.ലിഷോയ്, ക്യമറാമാന്‍ നിഖില്‍ ജോസഫ് എന്നിവരെയാണ് 'ചാണക്യതന്ത്രം' എന്ന ചിത്രത്തിന്റെ സെറ്റില്‍ തടഞ്ഞുവെച്ചത്. ഉണ്ണിമുകുന്ദനെതിരെ യുവതി പീഡനത്തിന് പരാതി നല്‍കിയ സംഭവത്തെ കുറിച്ച് ചോദിച്ചതിനെ തുടര്‍ന്നാണ് സംഭവം.

മമ്മൂട്ടി നായകനായ 'മാസ്റ്റര്‍പീസി'ന്റെ വിജയാഘോഷം നടക്കുന്നെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് മാതൃഭൂമി ന്യൂസ് സംഘം തോപ്പുംപടി കരുവേലിപ്പടിയിലെ ലൊക്കേഷനില്‍ എത്തിയത്. ആഘോഷത്തെ കുറിച്ച് പ്രതികരിച്ച ശേഷം ഉണ്ണി മുകുന്ദനെതിരെ ലൈംഗിക പീഡനമാരോപിച്ച് യുവതി നല്‍കിയ പരാതിയെ കുറിച്ച് ചോദിച്ചു. എന്നാല്‍ ഇതില്‍ പ്രകോപിതനായ നടന്‍ റിപ്പോര്‍ട്ടറോടും ക്യാമറാമാനോടും തട്ടിക്കയറുകയായിരുന്നു.

തുടര്‍ന്ന് വിഷ്വലുകള്‍ ഡിലീറ്റ് ചെയ്യാന്‍ നിര്‍ബന്ധിക്കുകയും സെറ്റിലുണ്ടായിരുന്ന ഒരു സംഘമാളുകള്‍ ക്യാമറാമാന്‍ നിഖിലിനെ തടഞ്ഞുവെക്കുകയും ചെയ്തു. ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തതിനു ശേഷമേ നിഖിലിനെ വിട്ടയച്ചുള്ളൂ. മാതൃഭൂമി സംഘത്തെ തടഞ്ഞുവെക്കുന്ന ദൃശ്യങ്ങള്‍ സെറ്റിലെ മറ്റൊരാള്‍ മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്തിരുന്നെങ്കിലും അതും സെറ്റിലെ മറ്റംഗങ്ങള്‍ ഡിലീറ്റ് ചെയ്യിച്ചു.

റിപ്പോര്‍ട്ടിങില്‍ ആളുകളോട് വ്യത്യസ്ത വിഷയങ്ങളില്‍ പ്രകരണങ്ങള്‍ ആരായുന്നത് പതിവാണ്. താത്പര്യമില്ലാത്തവർ  പ്രതികരിക്കാറില്ല. എന്നാല്‍, ഇത്തരത്തില്‍ തടഞ്ഞുവെച്ച് ഡിലീറ്റ് ചെയ്യിക്കുന്നത് ആദ്യമാണെന്ന് റിപ്പോര്‍ട്ടര്‍ ലിഷോയ് പറഞ്ഞു. താത്പര്യമില്ലെങ്കില്‍ പ്രതികരണം ചാനലില്‍ കൊടുക്കില്ലെന്ന് അറിയിച്ചെങ്കിലും നടനും സംഘവും അത് കൂട്ടാക്കാന്‍ തയാറായില്ല. ഓഫീസിലേക്ക് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അത് തടയുകയും ചെയ്തു -ലിഷോയ് പറഞ്ഞു.