കോഴിക്കോട്: പോലൂരിലെ വീട്ടിനുള്ളില്‍നിന്ന് തുടര്‍ച്ചയായി അജ്ഞാതശബ്ദം കേള്‍ക്കുന്നത് സംബന്ധിച്ച് വിദഗ്ധസംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഭൂമിക്കടിയിലെ മര്‍ദവ്യത്യാസമാകാം ശബ്ദത്തിന് കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ആശങ്കപ്പെടേണ്ടതില്ലെന്നും വിദഗ്ധ സംഘം ചൂണ്ടിക്കാട്ടി. ഭൗമശാസ്ത്രജ്ഞന്‍ ജി.ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വ്യാഴാഴ്ച വീട്ടിലെത്തി പരിശോധന നടത്തിയത്‌. ഭൂമിക്കടിയില്‍ മണ്ണൊലിപ്പ് ഇല്ലെന്ന് ഉറപ്പാക്കാന്‍ കൂടുതല്‍ സര്‍വേ നടത്തുമെന്നും അവര്‍ അറിയിച്ചു.

പോലൂര്‍ ക്ഷേത്രത്തിന് സമീപം തെക്കേമാരാത്ത് ബിജുവിന്റെ വീട്ടിലാണ് രണ്ടാഴ്ചയില്‍ അധികമായി മുഴക്കം കേള്‍ക്കുന്നത്. ഫയര്‍ഫോഴ്സും ജിയോളജി ഉദ്യോഗസ്ഥരുമൊക്കെയെത്തി പരിശോധന നടത്തിയിരുന്നെങ്കലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. മന്ത്രി എ.കെ. ശശീന്ദ്രനും വീട് സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് റവന്യൂ വകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് കേന്ദ്രഭൗമശാസ്ത്ര പഠന കേന്ദ്രത്തില്‍നിന്ന് വിരമിച്ച ഡോക്ടര്‍ ജി. ശങ്കറിന്റെ നേതൃത്തിലുള്ള സംഘം വീട്ടിലും പരിസരത്തും പരിശോധന നടത്തിയത്. മുഴക്കത്തിന്റെ കാരണം കണ്ടെത്താന്‍ കൂടുതല്‍ സര്‍വേ ആവശ്യമാണെന്നും സംഘം വിലയിരുത്തി.

അടുത്തിടെയാണ് മുകളിലേക്ക് ഒരു നില കൂടി പണിതത്. ഇതിനുശേഷമാണ് ശബ്ദം കേട്ട് തുടങ്ങിയതെന്നാണ് വീട്ടുകാര്‍ പറയുന്നത്. താഴെ നിന്നാല്‍ ശബ്ദം വ്യക്തമായി കേള്‍ക്കാം. ഇപ്പോള്‍ കൃത്യമായ സമയമൊന്നുമില്ല. പലപ്പോഴായി കേള്‍ക്കുന്നു. മുകളിലത്തെ പറമ്പില്‍ മണ്ണെടുക്കലിന്റെ പണി നടന്നിരുന്നു. ശബ്ദം ഇതിനെ തുടര്‍ന്നാണോ എന്ന് സംശയിച്ചിരുന്നെങ്കിലും ബിജുവിന്റെ വീട്ടില്‍ മാത്രം എങ്ങനെ ശബ്ദം കേള്‍ക്കുന്നുവെന്നാണ് ആര്‍ക്കും മനസ്സിലാവാത്തത്.

പരിശോധനാ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ദുരന്തനിവാരണ അഥോറിറ്റിക്ക് കൈമാറും. രാപകല്‍ വ്യത്യസമില്ലാതെ മുഴക്കം കേള്‍ക്കുന്നതിനാല്‍ വീട്ടുകാര്‍ രാത്രികാലങ്ങളില്‍ ബന്ധുവീട്ടിലേക്ക് താമസം മാറ്റിയിരുന്നു.

Content Highlights: Unknown noise in the house- Experts say that this may be due to pressure differences