തിരുവനന്തപുരം:  യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളി. ഏഴ് സ്ഥാനാര്‍ഥികളുടെ പത്രികകളാണ് തള്ളിയത്. സൂക്ഷ്മ പരിശോധനയില്‍ കണ്ടെത്തിയ പിഴവുകളെ തുടര്‍ന്നാണ് പത്രികകള്‍ തള്ളിയതെന്നാണ് വിശദീകരണം. എന്നാല്‍ ഇതിനെതിരെ കെ.എസ്.യു രംഗത്ത് വന്നിട്ടുണ്ട്.

27നാണ് യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിയന്‍ തിരഞ്ഞെടുപ്പ്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ചൊവ്വാഴ്ച ആയിരുന്നു. ഏഴ് സ്ഥാനാര്‍ഥികളെയാണ് കെ.എസ്.യു മത്സരത്തിനിറക്കിയത്. എന്നാല്‍, എല്ലാവരുടെയും നാമനിര്‍ദ്ദേശ പത്രികകള്‍ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി തള്ളിക്കളഞ്ഞിരിക്കുകയാണ്. 

കോളേജില്‍ നിന്ന് ലഭിച്ച സര്‍ക്കുലര്‍ പ്രകാരമാണ് നാമനിര്‍ദ്ദേശപത്രിക തയ്യാറാക്കിയതെന്ന് കെ.എസ്.യു പറയുന്നു. പത്രിക സ്വീകരിച്ചതിന് പിന്നാലെ എസ്.എഫ്.ഐയുടെ ഇടപെടലിനെ തുടര്‍ന്നാണ് തങ്ങളുടെ പത്രിക തള്ളിയതെന്ന് കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് അമല്‍ ചന്ദ്രന്‍ പറയുന്നു. 

ചെയര്‍മാന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ എന്നി ചുമതലകളിലേക്ക് നാമനിര്‍ദ്ദേശ പത്രിക നല്‍കുമ്പോള്‍ ദി ( The) എന്ന പദം ചേര്‍ക്കണം എന്നാണ് എസ്.എഫ്.ഐ പറയുന്നത്. എന്നാല്‍ കോളേജില്‍ നിന്ന് ലഭിച്ച സര്‍ക്കുലറില്‍ ഇങ്ങനെയാന്ന് പറഞ്ഞിട്ടുമില്ല. ഈ സര്‍ക്കുലര്‍ പ്രകാരമാണ് നമനിര്‍ദ്ദേശപത്രിക തയ്യാറാക്കിയതെന്നും കെ.എസ്.യു പറയുന്നു. കേരളയൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ റിയാസിന്റെ നേതൃത്ത്വലുള്ള സംഘം എത്തി ബഹളമുണ്ടാക്കിയതിന് ശേഷമാണ് പത്രികകള്‍ തള്ളിയതെന്നും കെ.എസ്.യു ആരോപിക്കുന്നു.

കോളേജില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പാടില്ല എന്നതാണ് എസ്.എഫ്.ഐയുടെ നയമെന്നും വിഷയത്തില്‍ നിയമപരമായി മുന്നോട്ടുപോകുമെന്നും കോടതിയെ സമീപിക്കുമെന്നും കെ.എസ്.യു അറിയിച്ചു.

Content Highlights: University College Union election