തിരുവനന്തപുരം: കൃത്യമായ ആസൂത്രണത്തോടു കൂടിയാണ് തനിക്ക് നേരെ ആക്രമണം ഉണ്ടായതെന്ന് യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐ നേതാക്കള്‍ കുത്തി പരിക്കേല്‍പ്പിച്ച അഖില്‍. സംഭവത്തിന് ശേഷം ആദ്യമായി മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് അഖില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

തനിക്കും സുഹൃത്തുക്കള്‍ക്കും എതിരെ അവര്‍ക്ക് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നു. ഇത് കാരണം  തങ്ങളെ അക്രമിക്കുകയായിരുന്നു. കോളേജില്‍ എസ്.എഫ്.ഐയുടെ ഇടിമുറിയുണ്ട്. തന്നെ ഉള്‍പ്പടെ പലരേയും അവിടെ കൊണ്ടുപോയി മര്‍ദ്ദിച്ചിട്ടുണ്ട്. എസ്.എഫ്.ഐ നേതൃത്വത്തെ ചോദ്യം ചെയ്തതാണ് തന്നോടുള്ള വിരോധത്തിന് കാരണം.

എസ്.എഫ്.ഐ, സി.പി.എം നിയന്ത്രണത്തിലല്ല കോളേജിലെ യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്നത്. നസീമും, ശിവരഞ്ജിത്തും ഉള്‍പ്പടെയുള്ളവര്‍ നിരന്തരം മര്‍ദിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് തനിക്ക് കുത്തേറ്റത്. നിയമ നടപടികളുമായി മുന്നോട്ട് പോകും. കോളേജിലെ സംഭവം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ല.

സി.പി.എം തനിക്ക് എല്ലാ തരത്തിലുമുള്ള പിന്തുണ നല്‍കി. കോളേജിലെ എസ്.എഫ്.ഐക്കാര്‍ നടത്തിയ അക്രമത്തെ കുറിച്ച് പാര്‍ട്ടിക്ക് അറിവുണ്ടായിരുന്നില്ലെന്നും അഖില്‍ പറഞ്ഞു. 

content highlights: University college, Akhil, SFI