തിരുവനനന്തപുരം: പി.എസ്.സി പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും ജയില്‍ മോചിതരായി. യുണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിലും പി.എസ്.സി തട്ടിപ്പ് കേസിലും പോലീസ് കുറ്റപത്രം നല്‍കാതിരുന്നതാണ് സ്വാഭാവിക ജാമ്യം ലഭിക്കാന്‍ കാരണം. എല്ലാ കേസിലും ജാമ്യം ലഭിച്ചതോടെയാണ് പ്രതികള്‍ സെന്‍ട്രല്‍ ജയില്‍ വിട്ടത്.

നേരത്തെ യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസില്‍ കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പി.എസ്.സി പരീക്ഷ ക്രമക്കേടില്‍ ഹൈക്കോടതി സ്വാഭാവിക ജാമ്യം നല്‍കാമെന്ന് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസില്‍ പോലീസ് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതാണ് ഇത്തരത്തില്‍ ജാമ്യം ലഭിക്കാനിടയാക്കിയത്.

പി.എസ്.സി തട്ടിപ്പ് കേസിലും സമാനമായ സാഹചര്യമാണുള്ളത്. പ്രതികളില്‍ ചിലര്‍കൂടി പിടിയിലാവാനുള്ളതാണ് യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകാനുള്ള കാരണമെന്നാണ് പോലീസിന്റെ വിശദീകരണം. പി.എസ്.സി കേസില്‍ അന്വേഷണം വൈകിയാണ് തുടങ്ങിയതെന്നും അതിനാല്‍ കുറ്റപത്രം സമര്‍പ്പിക്കാനായിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നു. 

യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസില്‍ ആകെ 19 പ്രതികളാണുള്ളത്. ഇതില്‍ ഒരാള്‍കൂടെ പിടിയിലാവാനുണ്ടെന്നാണ് പോലീസ് പറയുന്നത്. ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തത് വലിയ വിമര്‍ശങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിനു പിന്നാലെയാണ് പി.എസ്.സി കേസിലും സമാനമായ സാഹചര്യമുണ്ടായത്. ഇത് വരും ദിവസങ്ങളില്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമായേക്കും. 

content highlights: University College stabbing; Shivranjit and Naseem were released from jail