തിരുവനന്തപുരം: എസ്.എഫ്.ഐ. നേതാക്കളുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ഥി അഖില്‍ ചന്ദ്രന്‍ ആശുപത്രിവിട്ടു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഖില്‍ ചന്ദ്രന്‍ തിങ്കളാഴ്ച വൈകിട്ടോടെയാണ് ആശുപത്രിവിട്ടത്. അഖിലിന് രണ്ടുമാസം പൂര്‍ണവിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കി.
നെഞ്ചില്‍ കുത്തേറ്റ അഖിലിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. വീട്ടിലേക്ക് മടങ്ങിയെങ്കിലും അഖിലിന് സംസാരിക്കുന്നതിനും സന്ദര്‍ശകരെ അനുവദിക്കുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജൂലായ് 12-ന് യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന സംഘര്‍ഷത്തിലാണ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഖില്‍ ചന്ദ്രന് നെഞ്ചില്‍ കുത്തേറ്റത്. എസ്.എഫ്.ഐ. യൂണിറ്റ് പ്രസിഡന്റായിരുന്ന ശിവരഞ്ജിത്തും സെക്രട്ടറി നസീമും ചേര്‍ന്നാണ് അഖിലിനെ കുത്തിപരിക്കേല്‍പ്പിച്ചത്. ക്യാമ്പസില്‍ എസ്.എഫ്.ഐ. നേതാക്കളുടെ ഏകാധിപത്യവും ധിക്കാരവും ചോദ്യംചെയ്തതായിരുന്നു അഖില്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ ആക്രമിക്കാനിടയായ കാരണം. സംഭവത്തില്‍ പ്രതിഷേധിച്ച് യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ഥികള്‍ ഒന്നടങ്കം എസ്.എഫ്.ഐ. നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു.
Content Highlights: university college stabbing case; akhil chandran discharged from hospital