തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റിനെയടക്കം മര്‍ദിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് ശനിയാഴ്ച സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. സിപിഎമ്മിന്റെ ബലത്തില്‍ എസ്എഫ്‌ഐ നടത്തുന്ന ആക്രമണത്തിനെതിരെ ശനിയാഴ്ച വൈകീട്ട് മണ്ഡലം തലത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്താന്‍ ആഹ്വാനം ചെയ്തതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. 

കേരളത്തിലെ കോളേജുകളെ ഗുണ്ടകളേയും അധോലോകനായകന്മാരെയും വളര്‍ത്തുന്ന കേന്ദ്രങ്ങളാക്കി സി.പി.എം മാറ്റിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലില്‍ നിരപരാധിയായ കെ.എസ്.യു പ്രവര്‍ത്തകനെതിരെ കൊലവിളി നടത്തുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത എസ്.എഫ്.ഐ ക്രിമനലുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെത്തിയ കെ.എസ്.യു സംസ്ഥാന പ്രസിഡന്റിനെയും കൂട്ടരേയും പട്ടികകക്ഷണം ഉപയോഗിച്ച് ക്രൂരമായിട്ടാണ് മര്‍ദ്ദിച്ചത്.

അക്രമികളെ സംരക്ഷിക്കുന്ന സമീപനമാണ് കോളേജ് അധികൃതകരുടേത്. അക്രമികള്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച കെ.എസ്.യു പ്രവര്‍ത്തകരെ പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ഇത് അംഗീകരിക്കാനാവില്ല. കലാലയങ്ങളില്‍ സി.പി.എം പിന്തുണയോടെ നടത്തുന്ന കാടത്തമാണിതെന്നും കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

Content Highlights: university college sfi attack; congress calls statewide protest on saturday