തിരുവനന്തപുരം: പി.എസ്.സിയുടെ വിശ്വാസ്യത ചോദ്യം ചെയ്തത് എസ്.എഫ്.ഐ. ഉള്‍പ്പെടെയുള്ള ഇടതുവിദ്യാര്‍ഥി സംഘടനകളാണെന്നും അന്വേഷണം അട്ടിമറിക്കാനാണ് ഇപ്പോള്‍ മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പി.എസ്.സി. ചെയര്‍മാന്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിട്ടും അന്വേഷണം വേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നും അന്വേഷണം നടത്തി വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

ആരും പി.എസ്.സി.യെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടില്ല. പി.എസ്.സിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമിച്ചത് എസ്.എഫ്.ഐക്കാരാണ്. കുത്തുകേസിലെ പ്രതികള്‍ എങ്ങനെ പോലീസ് റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിയതെന്ന് അന്വേഷിക്കേണ്ടേ? ഇതില്‍ മുഖ്യമന്ത്രി എന്തിനാണ് മാധ്യമങ്ങളുടെ മേല്‍ കുതിര കേറുന്നതെന്നും ഉദ്യോഗാര്‍ഥികള്‍ക്ക് പി.എസ്.സിയില്‍ വിശ്വാസ്യത നഷ്ടപ്പെട്ടാല്‍ അത് വീണ്ടെടുക്കേണ്ട ചുമതല മുഖ്യമന്ത്രിക്ക് ഇല്ലേയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. 

യൂണിവേഴ്‌സിറ്റി കോളേജിനെ തകര്‍ക്കാന്‍ ഞങ്ങളാരും ശ്രമിച്ചിട്ടില്ല. ക്രിമിനലുകളുടെ താവളമാക്കി യൂണിവേഴ്‌സിറ്റി കോളേജിനെ തകര്‍ക്കാന്‍ ശ്രമിച്ചത് സി.പി.എമ്മാണ്. ക്രിമിനലുകള്‍ക്ക് റീഅഡ്മിഷന്‍ നല്‍കിയും ഹോസ്റ്റലില്‍ സൗകര്യമൊരുക്കിയും അവരാണ് യൂണിവേഴ്‌സിറ്റി കോളേജിനെ തകര്‍ക്കുന്നത്. 

രാത്രി പകലാക്കി പരീക്ഷ എഴുതുന്നവരെ മണ്ടന്മാരാക്കി എസ്.എഫ്.ഐ. നേതാക്കള്‍ തട്ടിപ്പിലൂടെ പരീക്ഷ എഴുതുന്നു. കുത്തുകേസിലെ പ്രതിയുടെ വീട്ടില്‍നിന്ന് ഉത്തരക്കടലാസ് കണ്ടെത്തിയിട്ടും എന്ത് അന്വേഷിക്കാനാണെന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം. സംഭവത്തില്‍ സര്‍വകലാശാല അന്വേഷണത്തിന് സമിതി രൂപീകരിച്ചെങ്കിലും അതില്‍ മൂന്നുപേരും സി.പി.എം. അംഗങ്ങളാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. 

യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ഥിയെ കുത്തിയ കേസില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടും അത് നടക്കുന്നില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. നേരത്തെ പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

Content Highlights: University College issue; Ramesh Chennithala Against CM Pinarayi Vijayan and SFI