lതിരുവന്തപുരം: യുണിവേഴ്‌സിറ്റി കോളേജില്‍ കെ.എസ്.യു പ്രവര്‍ത്തകന് നേരെ നടന്നത് ആള്‍ക്കൂട്ട ആക്രമണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. കണ്ണൂര്‍ മോഡല്‍ വാടക കൊലയാളികളെ വളര്‍ത്തുന്ന കേന്ദ്രങ്ങളായി ക്യാമ്പസുകള്‍ മാറി. ഇത്തരം ക്രൂരവും പ്രാകൃതവുമായ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. എന്തുസംഭവം നടന്നാലും കണ്ടില്ലെന്ന് നടിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലേതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. 

അതേസമയം യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ 15 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കെ.എസ്.യു പ്രസിഡന്റ് കെ.എം. അഭിജിത്തിന്റെ പരാതിയിലാണ് കേസ് എടുത്തത്. അതേസമയം കോളേജില്‍ കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. 

സംഭവത്തില്‍ പോലീസ് നിഷ്‌ക്രിയത്വം പാലിക്കുന്ന തരത്തിലുള്ള ഇടപെടല്‍ ഉണ്ടാകുന്നുണ്ടെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത് ആരോപിച്ചു. യൂണിവേഴ്‌സിറ്റി കോളേജിന് സമീപമാണ് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ്. അവിടെനിന്ന് പോലീസിന് മേല്‍ നിയന്ത്രണമുണ്ടാകുന്നുവെന്നും അഭിജിത് ആരോപിച്ചു. 

കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ കേസിലും അക്രമസംഭവങ്ങളിലുള്‍പ്പെട്ട കേസിലും പ്രതിയായ ഏട്ടപ്പന്‍ മഹേഷിനെ പിടിക്കാതിരിക്കുന്നത് സര്‍ക്കാരിന്റെ സമ്മര്‍ദ്ദം കൊണ്ടാണോയെന്ന സംശയം ബലപ്പെടുകയാണെന്നും അഭിജിത്ത് ആരോപിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റല്‍ മാഫിയ സംഘങ്ങളുടെ പിടിയിലാണ്. അവിടെ കഞ്ചാവും ലഹരിവസ്തുക്കളുമുണ്ടെന്നും അവിടെ റെയ്ഡ് നടത്തണമെന്നും അഭിജിത് ആവശ്യപ്പെട്ടു. 

Content Highlights: university college issue, case charged against 15 sfi activists