തിരുവനന്തപുരം:  യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസില്‍ പ്രതിയായ ശിവരഞ്ജിത്തിന്റെ വീട്ടില്‍നിന്ന് ഉത്തരക്കടലാസുകള്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കോളേജിലെ വിദ്യാര്‍ഥിയും എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റി അംഗവുമായ പ്രണവിന് പരീക്ഷാസമയത്ത് നല്‍കിയ ഉത്തരക്കടലാസ് ബുക്ക്‌ലെറ്റ് ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കോളേജ് അധികൃതര്‍ പോലീസിനെ അറിയിച്ചു. എന്നാല്‍ മറ്റു ഉത്തരക്കടലാസുകള്‍ എങ്ങനെ ശിവരഞ്ജിത്തിന്റെ കൈയിലെത്തി എന്നത് സംബന്ധിച്ച് വ്യക്തതയില്ല. 

പി.എസ്.സിയുടെ പോലീസ് റാങ്ക് പട്ടികയില്‍ പ്രധാനപ്രതികള്‍ക്കൊപ്പം പ്രണവും ഇടംനേടിയിരുന്നു. റാങ്ക് പട്ടികയില്‍ രണ്ടാമനായിരുന്നു പ്രണവ്. അതേസമയം, കോളേജില്‍ നാക് അക്രഡിറ്റേഷന്‍ സംഘത്തിന്റെ പരിശോധനയ്ക്ക് മുന്‍പ് ഉപേക്ഷിച്ച ഉത്തരക്കടലാസ് കെട്ടുകളാണ് വീട്ടില്‍നിന്ന് കണ്ടെടുത്തതെന്നായിരുന്നു ശിവരഞ്ജിത്തിന്റെ മൊഴി. 

ശിവരഞ്ജത്തിന്റെ വീട്ടില്‍നിന്ന് കണ്ടെടുത്ത ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറുടെ വ്യാജ സീല്‍ ഹാജര്‍ നേടാനായാണ് ഉപയോഗിച്ചിരുന്നതെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറുടെ സീല്‍ പതിപ്പിച്ച വ്യാജ കത്ത് നിര്‍മിച്ചാണ് ഇവര്‍ ക്ലാസില്‍ കയറാത്ത ദിവസങ്ങളിലെ ഹാജര്‍ സംഘടിപ്പിച്ചതെന്നാണ് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്.

അതിനിടെ, വിദ്യാര്‍ഥിയുടെ വീട്ടില്‍നിന്ന് ഉത്തരക്കടലാസ് കണ്ടെടുത്ത സംഭവത്തില്‍ ഡി.ജി.പി. പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം ഇതുവരെ ആരംഭിച്ചില്ല. സിറ്റി പോലീസ് കമ്മീഷണറില്‍നിന്ന് റിപ്പോര്‍ട്ട് ലഭിക്കാത്തതാണ് അന്വേഷണം തുടങ്ങാന്‍ തടസമായിരിക്കുന്നത്. 

Content Highlights: university college issue; answer sheets seized from sivaranjith's home, more details reveals