തിരുവനന്തപുരം:  മണിക്കൂറുകള്‍ക്കൊടുവില്‍ യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിലെ സംഘര്‍ഷാവസ്ഥയ്ക്ക് അവസാനമായി. റോഡ് ഉപരോധം നടത്തിയിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കിയതിന് പിന്നാലെ കെ.എസ്.യു. ഉപരോധവും അവസാനിപ്പിച്ചു. യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമസംഭവങ്ങളില്‍ അടിയന്തരനടപടി സ്വീകരിക്കാമെന്ന് പോലീസ് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അത് പാലിച്ചില്ലെങ്കില്‍ താനടക്കമുള്ളവര്‍ വീണ്ടും സമരത്തിനിറങ്ങുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 

എം.ജി. റോഡില്‍ ഉപരോധസമരം നടത്തിയ എസ്.എഫ്.ഐ. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കിയിരുന്നു. യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തില്‍ കെ.എസ്.യു. പ്രവര്‍ത്തകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ച എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി അടക്കമുള്ളവരെയാണ് പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തത്. പോലീസിനെ പ്രതിരോധിക്കാന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൈകള്‍ കൂട്ടിക്കെട്ടി റോഡില്‍ കിടന്നെങ്കിലും പോലീസ് ഇവരെ ബലംപ്രയോഗിച്ച് മാറ്റുകയായിരുന്നു. കെ.എസ്.യു. പ്രവര്‍ത്തകരാണ് യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമത്തിന് പിന്നിലെന്ന് ആരോപിച്ചാണ് എസ്.എഫ്.ഐ. എം.ജി. റോഡ് ഉപരോധിച്ചത്. 

യൂണിവേഴ്‌സിറ്റി കോളേജില്‍ കെ.എസ്.യു. പ്രവര്‍ത്തകരെ മര്‍ദിച്ച എസ്.എഫ്.ഐക്കാരെ കോളേജില്‍നിന്ന് പുറത്താക്കണമെന്ന് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത് ആവശ്യപ്പെട്ടു. റോഡില്‍കിടന്ന് മരിച്ചാലും വേണ്ടില്ല, എസ്എഫ്‌ഐ ഗുണ്ടകളെ പുറത്താക്കണം. അവരെ അറസ്റ്റ് ചെയ്യാതെ സമരത്തില്‍നിന്ന് പിന്മാറില്ലെന്നും കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.

tvm
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന് മുന്നിലെ റോഡ് ഉപരോധിച്ച എസ്.എഫ്.ഐ. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു.  ഫോട്ടോ: എസ്‌. ശ്രീകേഷ്‌. 

വെള്ളിയാഴ്ച കോളേജ് ക്യാമ്പസില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ തന്നെ ഓടിച്ചിട്ട് മര്‍ദിച്ചതായി കെ.എസ്.യു. പ്രവര്‍ത്തകനായ അമല്‍ പറഞ്ഞു. യൂണിയന്‍ നേതാക്കളടക്കം ചേര്‍ന്നാണ് മര്‍ദിച്ചതെന്നും കരഞ്ഞുകൊണ്ട് അമല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അമലിനെ മര്‍ദിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനെ കാണാനായാണ് കെ.എസ്.യു. പ്രവര്‍ത്തകര്‍ പ്രകടനമായി യൂണിവേഴ്‌സിറ്റി കോളേജിലെത്തിയത്. എന്നാല്‍ പോലീസ് ഇവരെ തടയുകയും ഇതിനുപിന്നാലെ കോളേജിനുള്ളില്‍നിന്ന് കല്ലേറുണ്ടാവുകയുമായിരുന്നു. എസ്എഫ്‌ഐക്കാര്‍ കെ.എസ്.യു. പ്രവര്‍ത്തകരെ നേരിട്ടതോടെ യൂണിവേഴ്‌സിറ്റി കോളേജിന് മുന്‍വശം യുദ്ധക്കളമായി. സംഘര്‍ഷത്തില്‍ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിതിനടക്കം പരിക്കേറ്റു. 

Content Highlights: university college clash; ksu and sfi protest in trivandrum city, ksu president abijith injured