ന്യൂഡല്‍ഹി: അഭിഭാഷകരുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നതിന് നിയമപ്രകാരമുള്ള ഫീസ് ഈടാക്കാമോ എന്നകാര്യത്തില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് കേരള, മഹാത്മാഗാന്ധി സര്‍വകലാശാലകള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. 2018 മാര്‍ച്ച് 31 ന് ശേഷം പരിശോധനയ്ക്കായി നല്‍കുന്ന അപേക്ഷകള്‍ക്ക് ഫീസ് ഈടാക്കാന്‍ അനുവദിക്കമെന്നും കേരള, എം.ജി സര്‍വ്വകലാശാലകള്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സര്‍ട്ടിഫിക്കറ്റുകള്‍ സൗജന്യമായി പരിശോധിക്കണമെന്ന് നിര്‍ദേശിച്ച് 2017 ഓഗസ്റ്റ്, നവംബര്‍ മാസങ്ങളില്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ വരുമാനത്തില്‍ ഗണ്യമായ ഇടിവ് ഉണ്ടാകുന്നതായും നികത്താനാവാത്ത നഷ്ടം ഉണ്ടാകുന്നതായും സര്‍വ്വകലാശാലകള്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുന്‍ ഉത്തരവുകള്‍ ഭേദഗതി ചെയ്യണമെന്നും സര്‍വ്വകലാശാലകള്‍ അപേക്ഷയില്‍ അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ബാര്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ  വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെ അഭിഭാഷകരുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെയുള്ളവ സൗജന്യമായി പരിശോധിക്കാന്‍ സുപ്രീം കോടതി സര്‍വ്വകലാശാലകള്‍ക്ക് 2017 ല്‍ നിര്‍ദേശം നല്‍കിയിരുന്നു. ഈ ഉത്തരവ് അനുസരിച്ച്, ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും ബാര്‍ കൗണ്‍സില്‍ ഓഫ് കേരളയും നല്‍കിയ മുഴുവന്‍ സര്‍ട്ടിഫിക്കറ്റുകളും 2018 മാര്‍ച്ച് 31 ന് മുമ്പ് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയതായി കേരള, എം ജി സര്‍വ്വകലാശാലകള്‍ സുപ്രീം കോടതിയില്‍ അപേക്ഷയില്‍ വിശദീകരിച്ചിട്ടുണ്ട്.

ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ചാണ് കേരള, മഹാത്മാ ഗാന്ധി സര്‍വ്വകലാശാലകള്‍ നല്‍കിയ അപേക്ഷകളില്‍ നോട്ടീസ് അയച്ചത്. മഹാത്മാഗാന്ധി സര്‍വ്വകലാശാലയ്ക്ക് വേണ്ടി ജി പ്രകാശ്, എം എല്‍ ജിഷ്ണു എന്നിവര്‍ ഹാജര്‍ ആയി. കേരള സര്‍വകലാശാലയ്ക്ക് വേണ്ടി ജോജി സ്‌കറിയ ആണ് ഹാജരായത്. 

Content Highlights: Kerala University, MG University, Supreme Court of India