കോട്ടയം: ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഉറപ്പ്. കാഞ്ഞിരപ്പള്ളിയില്‍ എന്‍.ഡി.എ. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുന്നതിനിടെയായിരുന്നു അമിത് ഷാ ഇക്കാര്യം പറഞ്ഞത്. 

'ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ കേരളത്തില്‍നിന്നുള്ള കന്യാസ്ത്രീകള്‍ക്ക് നേരേ നടന്ന ആക്രമണത്തെക്കുറിച്ച് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. ഉത്തര്‍പ്രദേശ് ഭരിക്കുന്നത് ബി.ജെ.പിയാണ്. കന്യാസ്ത്രീകളെ ആക്രമിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും ഉറപ്പുനല്‍കുന്നു. അതില്‍ യാതൊരു സംശയവും വേണ്ട', അമിത് ഷാ പറഞ്ഞു. 

ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകളെ ആക്രമിച്ച സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ അമിത് ഷായ്ക്ക് കത്തയച്ചിരുന്നു. ഈ ആക്രമണത്തെ കേന്ദ്രസര്‍ക്കാര്‍ ഗൗരവമായി കാണണമെന്നും സംഭവത്തെ കേന്ദ്രസര്‍ക്കാര്‍ അപലപിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. 

Content Highlights: union home minister amit shah promises action on nun harassment case in up