കോടിയേരി ബാലകൃഷ്ണൻ | ഫോട്ടോ:അഖിൽ ഇഎസ്/മാതൃഭൂമി
തിരുവനന്തപുരം: കേരളത്തിന്റെ ആവശ്യങ്ങളോട് പുറംതിരിഞ്ഞ് നിൽക്കുന്നതാണ് കേന്ദ്ര ബജറ്റെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോവിഡ് കാലഘട്ടത്തിൽ കേരളം മുന്നോട്ടുവച്ച പ്രധാനപ്പെട്ട ആവശ്യമായ എയിംസ് ബജറ്റിൽ പരിഗണിക്കപ്പെട്ടില്ല. റെയിൽവേ സോൺ എന്ന ചിരകാല ആവശ്യത്തോടും കേന്ദ്ര സർക്കാർ പുറംതിരിഞ്ഞ് നിന്നു. കെ-റെയിൽ പദ്ധതി സംബന്ധിച്ച പരാമർശങ്ങളും ഇല്ലെന്നാണ് മനസ്സിലാക്കാനാവുന്നത്. ഇത്തരത്തിൽ സംസ്ഥാനത്തിന്റെ അടിയന്തിര ആവശ്യങ്ങളോട് ഒന്നും തന്നെ അനുകൂലമായി പ്രതികരിക്കുന്നതിന് കേന്ദ്രം തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിക്കും ബജറ്റ് വിഹിതം 25,000 കോടി വെട്ടിക്കുറച്ച നടപടിയും സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാണ്. ഈ വർഷം ചെലവഴിച്ച തുക പോലും ഇപ്പോഴത്തെ ബജറ്റിൽ ഇതിനായി നീക്കിവെച്ചിട്ടില്ല. ജി.എസ്.ടി സമ്പ്രദായത്തിന്റെ ഭാഗമായുള്ള സംസ്ഥാനത്തിന്റെ നഷ്ടപരിഹാര വിഹിതം നീട്ടണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. കോവിഡ് കാലഘട്ടത്തിൽ 39,000 കോടി രൂപ വാക്സിനേഷനായി നീക്കിവെച്ചിടത്ത് ഇപ്പോൾ 5000 കോടി രൂപ മാത്രമാണ് നീക്കിവെച്ചിട്ടുള്ളത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തീർച്ചയായും തിരിച്ചടിയാകുന്ന ഒരു നടപടിയാണിത്.
സഹകരണ മേഖലയിലെ നികുതി 15 ശതമാനമായി നിജപ്പെടുത്തിയിട്ടുണ്ട്. നേരത്തേ നികുതിയില്ലാത്ത മേഖലയിൽ നികുതി ചുമത്തിയത് കേന്ദ്ര സർക്കാരായിരുന്നു. കോർപ്പറേറ്റുകളെയും സഹകരണ മേഖലയെയും ഒരുപോലെ ക്രമീകരണം നടത്തുക മാത്രമാണ് ഇവിടെ ചെയ്തിട്ടുള്ളത്. ഇത് ആശാസ്യമായ നടപടിയേ അല്ല. സംസ്ഥാനത്തിന്റെ വായ്പാ പരിധി 5 ശതമാനമാക്കി നിലനിർത്തണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല. ജി.എസ്.ടി നഷ്ടപരിഹാരം 5 വർഷത്തേക്ക് കൂടി നീട്ടണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യവും പരിഗണിക്കപ്പെട്ടില്ല.
പെട്രോളിയം ഉത്പന്നങ്ങൾക്ക് 01.10.2022 പ്രാബല്യത്തിൽ ലിറ്ററിന് 2 രൂപ കൂട്ടിയിട്ടുണ്ട്. ഈ നികുതി വർദ്ധന സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുന്നുമില്ല. ഭക്ഷ്യ സബ്സിഡിയിൽ 28 ശതമാനം കുറവു വരുത്തിയ നടപടി സംസ്ഥാനത്തെ പ്രതികൂലമായി ബാധിക്കുന്നതാണ്. വളം സബ്സിഡിയിൽ വരുത്തിയ 25 ശതമാനം കുറവും നമ്മുടെ കാർഷിക മേഖലയെ ബാധിക്കുന്നതാണ്.
എൽ.ഐ.സി ഓഹരി വിൽപ്പന ഉൾപ്പെടെയുള്ള സ്വകാര്യവത്ക്കരണ നടപടികളും ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുന്നവയാണ്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തകർക്കാൻ ശ്രമിച്ച കിഫ്ബി, കെ-ഫോൺ പോലുള്ള പദ്ധതികളുടെ അനുകരണങ്ങൾ കേന്ദ്ര ബജറ്റിൽ കടന്നുകൂടിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പദ്ധതികളെ എത്ര രാഷ്ട്രീയ ദുഷ്ടലാക്കോടെയാണ് നേരത്തേ കേന്ദ്രം നേരിട്ടത് എന്നതിന്റെ ഉത്തമദൃഷ്ടാന്തം കൂടിയാണിത്. സംസ്ഥാനത്തിന്റെ പൊതുവായ താത്പര്യങ്ങൾക്ക് വലിയ തിരിച്ചടി നൽകുന്നതാണ് കേന്ദ്ര ബജറ്റെന്ന് വ്യക്തമായിരിക്കുകയാണെന്ന് കോടിയേരി പ്രസ്താവനയിൽ പറഞ്ഞു.
Content Highlights: union budget didnt address keralas needs says kodiyeri balakrishnan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..