കൊച്ചി കാക്കനാട് സെന്റ് തോമസ് മൗണ്ട് ചർച്ചിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ നടന്ന കുർബാന | ഫോട്ടോ: ടി.കെ പ്രദീപ് കുമാർ, മാതൃഭൂമി
കൊച്ചി: സീറോ മലബാര്‍ സഭയിലെ പള്ളികളില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കി തുടങ്ങി. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസ് പള്ളിയില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുതിയ രീതിയില്‍ കുര്‍ബാന അര്‍പ്പിച്ചു. അതേസമയം മറ്റ് പള്ളികളില്‍ ജനാഭിമുഖ കുര്‍ബാന തുടര്‍ന്നു.
സിനഡ് തീരുമാനത്തിനെതിരായ സര്‍ക്കുലര്‍ കൊച്ചി സെന്റ് മേരീസ് ബസിലിക്കയില്‍ വായിച്ചു. എറണാകുളം - അങ്കമാലി അതിരൂപതയിലെ ആലുവ പ്രസന്നപുരം പള്ളിയിലും ഏകീകരിച്ച കുര്‍ബാന അര്‍പ്പിച്ചു. കാക്കനാട് മൗണ്ട് സെന്റ് തോമസ് പള്ളിയിലും ആലുവ പ്രസന്നപുരം പള്ളിയിലും മാത്രമാണ് സിനഡ് പ്രകാരമുള്ള ഏകീകരിച്ച കുര്‍ബാന അര്‍പ്പിച്ചത്.
ഇന്ന് മുതല്‍ സഭക്ക് കീഴിലുള്ള എല്ലാ പള്ളികളിലും ഏകീകരിച്ച കുര്‍ബാന അര്‍പ്പണ രീതി നടപ്പാക്കണമെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിനിടെയാണ് സിനഡ് തീരുമാനത്തിനെതിരേ സിനഡിന്റെ സെക്രട്ടറി കൂടിയായ മാര്‍ ആന്റണി കരിയില്‍ വത്തിക്കാനില്‍പ്പോയി ഇളവുവാങ്ങിയത്. തുടര്‍ന്ന് വത്തിക്കാനില്‍ നിന്ന് ഇളവ് ലഭിച്ചിട്ടുണ്ടെന്നും പഴയ രീതി തുടരണമെന്നും സര്‍ക്കുലര്‍ ഇറക്കി. തുടര്‍ന്ന് പള്ളികളില്‍ പുതുക്കിയ കുര്‍ബാന ഏകീകരണ രീതി നടപ്പാക്കാതെ ജനാഭിമുഖ കുര്‍ബാന നടത്തുകയായിരുന്നു.
സഭക്ക് പുതിയൊരു യുഗം പിറക്കുകയാണ്. പൂര്‍ണമായ ഐക്യത്തിന്റേയും സമാധാനത്തിന്റേയും യുഗമാണതെന്നും കര്‍ദ്ദിനാള്‍ ജോര്‍ജ് മാര്‍ ആലഞ്ചേരി ഏകീകരണ കുര്‍ബാന അര്‍പ്പിച്ചുകൊണ്ട് പറഞ്ഞു.
ഏകീകൃത കുര്‍ബാന ക്രമം നടപ്പാക്കുന്നതിന് ഈസ്റ്റര്‍ വരെ സമയം അനുവദിച്ചിട്ടുണ്ട്. ആ സമയ പരിധിക്കുള്ളില്‍ എല്ലാ ദേവാലയങ്ങളിലേക്കും ഏകീകൃത കുര്‍ബാന ക്രമം കൊണ്ടുവരുകയെന്നതാണ് സിനഡിന്റെ തീരുമാനം. കഴിഞ്ഞദിവസം ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ ഇറക്കിയ സര്‍ക്കുലര്‍ തള്ളിക്കൊണ്ട് കര്‍ദ്ദിനാള്‍ ജോര്‍ജ് മാര്‍ ആലഞ്ചേരി വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. ഇങ്ങനെയൊരു സര്‍ക്കുലര്‍ കിട്ടിയിട്ടില്ലെന്ന് കര്‍ദ്ദിനാള്‍ പറഞ്ഞിരുന്നു.
കുര്‍ബാനവിവാദം എന്ത്?
മൂന്നുതരം കുര്‍ബാനരീതികളാണ് സിറോ മലബാര്‍ സഭയിലുള്ളത്.
1. ജനാഭിമുഖ കുര്‍ബാന: വൈദികന്‍ പൂര്‍ണമായും ജനങ്ങളെ അഭിമുഖീകരിച്ചു നില്‍ക്കുന്നു. എറണാകുളം, തൃശ്ശൂര്‍, ഇരിങ്ങാലക്കുട, പാലക്കാട്, മാനന്തവാടി, താമരശ്ശേരി രൂപതകളില്‍ ഈ രീതിയാണ്.
2. അള്‍ത്താരാഭിമുഖ കുര്‍ബാന: വൈദികന്‍ മുഴുവന്‍സമയവും അള്‍ത്താരാഭിമുഖമായാണു നില്‍ക്കുക. ചങ്ങനാശ്ശേരി അതിരൂപതയില്‍ സ്വീകരിച്ചിരിക്കുന്ന രീതി.
3. രണ്ടും തുല്യമായി ഉപയോഗിക്കുന്ന 50:50 ഫോര്‍മുല: കോതമംഗലം, കാഞ്ഞിരപ്പള്ളി, പാലാ, ഇടുക്കി, തലശ്ശേരി രൂപതകളിലെ രീതി.
1999-ലെ സിനഡാണ് ഏകീകരണ ഫോര്‍മുലയായ 50:50 നിര്‍ദേശിച്ചത്. വിവിധ രൂപതകള്‍ ഇതില്‍ ഇളവുവാങ്ങി നേരത്തേ ഉപയോഗിച്ചിരുന്ന രീതി തുടര്‍ന്നു. അടുത്തിടെ ചേര്‍ന്ന സിനഡ് 1999-ലെ തീരുമാനം നടപ്പാക്കാന്‍ തീരുമാനിച്ചപ്പോഴാണു ജനാഭിമുഖ കുര്‍ബാന തുടരുന്ന സ്ഥലങ്ങളില്‍നിന്ന് എതിര്‍പ്പുണ്ടായത്.
Content Highlights: Uniform Holy Mass, Syro-Malabar Churchs


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..