ന്യൂയോര്‍ക്ക്: തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളായ നവീന്‍ റസാഖിന്റേയും ജാനകി ഓംകുമാറിന്റെ വൈറലായ റാസ്പുടിന്‍ നൃത്തത്തെ പ്രശംസിച്ച് ഐക്യരാഷ്ട്രസഭ പ്രതിനിധി. യുഎന്‍ കള്‍ച്ചറല്‍ റൈറ്റ്‌സ് റാപ്പോര്‍ട്ടര്‍ കരിമ ബെന്നൂനാണ് നൃത്തത്തെ പ്രശംസിച്ചും വിവാദമാക്കിയവരെ വിമര്‍ശിച്ചും രംഗത്തെത്തിയത്. വീഡിയോയ്ക്ക്‌ ലഭിച്ച വിമര്‍ശനം സാംസ്‌കാരിക മിശ്രണത്തിന് എതിരായ അപകടകരമായ പ്രതിഫലനമാണെന്നും അവര്‍ പറഞ്ഞു.

സാമൂഹികവും മാനുഷികവുമായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന യുഎന്‍ ജനറല്‍ അസംബ്ലിയുടെ മൂന്നാമത്തെ സമിതിയുടെ അനൗപചാരിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. എല്ലാവരുടേയും സാസ്‌കാരിക അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ക്രിയാത്മകമായ ഒന്നാണ് ഈ വീഡിയോയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇത്തരമൊരു സാഹചര്യത്തില്‍ നൃത്തം ചെയ്യാന്‍ ധൈര്യം കാണിച്ചതിന് രണ്ട് യുവാക്കള്‍ക്ക് ഒരുവശത്ത് പിന്തുണയും മറുവശത്ത്‌ സാമൂഹിക മാധ്യമങ്ങളില്‍ വിദ്വേഷവും നേരിടേണ്ടി വന്നു. അവരെ 'ഡാന്‍സ് ജിഹാദ്' എന്ന് ചിലര്‍ കുറ്റപ്പെടുത്തി.

21-ാം നൂറ്റാണ്ടില്‍ വിവേചനമില്ലാതെ എല്ലാവരുടെയും സാംസ്‌കാരിക അവകാശങ്ങള്‍ ഉറപ്പുനല്‍കാനുള്ള ഒരേയൊരു മാര്‍ഗം സാംസ്‌കാരിക കൂടിച്ചേരലുകളും ക്രിയാത്മകതകളും ശക്തമായി സംരക്ഷിക്കുക എന്നതാണെന്നും കരിമ ബെന്നൂന്‍ പറഞ്ഞു.

മെഡിക്കല്‍ വിദ്യാര്‍ഥികളായ നവീന്‍ റസാഖും ജാനകി ഓം കുമാറും തൃശൂര്‍ മെഡിക്കല്‍ കോളേജ് വരാന്തയില്‍ വച്ച് റാസ്പുടിന്‍ ഗാനത്തിന് വച്ച ചുവടുകള്‍ക്ക് വന്‍സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഇതിനിടയില്‍ ഇരുവരുടേയും പേരുകളില്‍ നിന്ന് വീഡിയോയ്ക്ക് മതം കലര്‍ത്താന്‍ ചിലര്‍ ശ്രമിച്ചെങ്കിലും നിരവധി പേര്‍ നവീനും ജാനകിക്കും പിന്തുണയുമായി എത്തിയിരുന്നു.