Photo: Sabha tv
തിരുവനന്തപുരം: നിയമസഭാ സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ട് പ്രമേയാവതരണം നടത്തിയ എം. ഉമ്മറും മന്ത്രി ജി. സുധാകരനും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു ഇന്ന് നിയമസഭയിലെ ഹൈലൈറ്റ്. സുധാകരന്റെ പരിഹാസവും അതിനു ഉമ്മര്‍ നല്കിയ മറുപടിയും പ്രമേയാവതരണത്തിന്റെ തുടക്കത്തില്‍ത്തന്നെ ഏറ്റുമുട്ടലിനിടയാക്കി.
പ്രമേയത്തിന്റെ ഡ്രാഫ്റ്റിങ്ങില്‍ പ്രശ്നമുണ്ടെന്ന് സുധാകരന് നടത്തിയ പരാമര്‍ശത്തിന് എം. ഉമ്മര്‍ നല്കിയ മറുപടി ജി. സുധാകരനെ ചൊടിപ്പിച്ചു. അദ്ദേഹവും ഉമ്മറും തമ്മില്‍ ചെറിയ വിധത്തില്‍ വാഗ്വാദവും നടന്നു. ഇങ്ങോട്ട് കളിയാക്കിയാല്‍ അങ്ങോട്ടും കളിയാക്കുമെന്ന് ഉമ്മര്‍ തിരിച്ചടിച്ചു. സുധാകരന് എപ്പോഴും പ്രതിപക്ഷത്തിന്റെ തലയില്‍ കയറാന്‍ വരണ്ട എന്നും അദ്ദേഹം പറഞ്ഞു.
പ്രമേയാവതരണത്തിന്റെ അവസാനവും ഇരുവരും തമ്മില്‍ ഏറ്റുമുട്ടല്‍ ആവര്‍ത്തിച്ചു. ഇത്തവണ അത് ഷേക്സ്പിയറുടെ പേരിലായിരുന്നു എന്നുമാത്രം.
സ്പീക്കര്‍ നിയമസഭയുടെ അന്തസ്സ് കാത്തുസൂക്ഷിച്ചില്ലെന്നു പറഞ്ഞുകൊണ്ടായിരുന്നു ഉമ്മര്‍ പ്രമേയാവതരണം അവസാനിപ്പിച്ചത്. ഷേക്സ്പിയറുടെ 'മാക്ബത്ത്' എന്ന കൃതിയില്‍നിന്നുള്ള ഭാഗവും എം. ഉമ്മര്‍ സാന്ദര്‍ഭികമായി ഉദ്ധരിച്ചു. 'അറബ്യയിലെ മുഴുവന്‍ സുഗന്ധദ്രവ്യങ്ങളും ഉപയോഗിച്ചാലും എന്റെ കൈയ്യിലെ രക്തക്കറയുടെ ദുര്‍ഗന്ധം മായ്ച്ചുകളയാന്‍ സാധിക്കില്ല.' ലേഡി മാക്ബത്തിന്റെ സംഭാഷണം എന്ന മുഖവുരയോടെയാണ് അദ്ദേഹം ഇത് ഉദ്ധരിച്ചത്.
എന്നാല്‍, അത് ലേഡി മാക്ബത്ത് പറയുന്നതല്ലെന്നും, ലേഡി മാക്ബത്തിനെക്കുറിച്ച് മറ്റുള്ളവര്‍ പറയുന്നതാണെന്നും തെറ്റായാണ് ഷേക്സ്പിയറെ ഉദ്ധരിച്ചതെന്നും ജി. സുധാകരന് തിരിച്ചടിച്ചു. ഉമ്മര്‍ വിട്ടുകൊടുത്തില്ല, 'അതൊക്കെ എടുത്ത് ഒന്നു വായിച്ചുനോക്കണം സര്. അങ്ങേക്ക് പഴയ ഓര്മയൊന്നും ഇപ്പോഴില്ല. അതുകൊണ്ടാണ്. അത് ലേഡി മാക്ബത്ത് എന്ന കഥാപാത്രത്തിന്റേതു തന്നെയാണ്', അദ്ദേഹം പറഞ്ഞു.
''Here’s the smell of the blood still. All the perfumes of Arabia will not sweeten this little hand. Oh, Oh, Oh!''
ഷേക്സ്പിയറുടെ വിഖ്യത നാടകമായ മാക്ബത്തില് ലേഡി മാക്ബത്ത് പറയുന്നതാണ് പ്രസിദ്ധമായ ഈ സംഭാഷണം. കിങ് ഡങ്കന്റെ കൊലപാതകം അടക്കമുള്ള ചെയ്തികളേക്കുറിച്ചുള്ള കുറ്റബോധമാണ് ലേഡി മാക്ബത്തിന്റെ ഈ സംഭാഷണത്തിന് ആധാരം. ഉണര്‍വിലും ഉറക്കത്തിലും ലേഡി മാക്ബത്തിനെ പിന്തുടരുന്ന കുറ്റബോധമാണ് നാടകത്തിലെ സന്ദര്‍ഭം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..