പോരാളിഷാജിയിൽ ആദ്യ പോസ്റ്റ്, പ്രതിപക്ഷ നേതാവ് ആരെപ്പറ്റിപറഞ്ഞു എന്ന് ഞാനെങ്ങനെ അറിയാനാണ്?- ഉമ തോമസ്


സ്വന്തം ലേഖകൻ

കേസ് പോലും നിലവിലില്ലാത്തതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഒരു നമ്പർ റഫറൻസ് ആയി കാണുമ്പോൾ എന്തായാലും അന്വേഷിക്കുമല്ലോ. അതുകൊണ്ടാണ് ഹിൽ പാലസ് സ്റ്റേഷനിൽ അന്വേഷിച്ചത്.

ഉമാ ​തോ​മസ് മക്കളായ വിവേകിനും വിഷ്ണുവിനുമൊപ്പം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ | Photo: മാതൃഭൂമി

കൊച്ചി: മക്കൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് വ്യാജ വാർത്തകളാണെന്ന് ഉമ തോമസ് എം.എൽ.എ. പ്രതിപക്ഷ നേതാവ് പറഞ്ഞത് ആരെപ്പറ്റിയാണെന്ന് അറിയില്ലെന്നും എന്തായാലും അത് തന്റെ കുട്ടികളെക്കുറിച്ച് അല്ലെന്നും ഉമ തോമസ് മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു. തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ പോലും ആർക്കെതിരേയും വ്യക്തിഹത്യ നടത്തിയിട്ടില്ല. രാഷ്ട്രീയമായ തിരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി നേരിടുക മാത്രമാണ് ചെയ്തതെന്നും ഉമ തോമസ് പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിയമസഭയിലെ പ്രസംഗത്തിന് പിന്നാലെയാണ് ഉമ തോമസിന്റെ കുടുംബത്തിനെതിരേ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പ്രചാരണം ഉണ്ടായത്.

"ഞാൻ ആദ്യം എം.എൽ.എ. ആയപ്പോൾ എന്റെ ഒരു സുഹൃത്തിന്റെ വീട്ടിൽ പോകുമ്പോൾ ഓടിവന്ന് എന്റെ മടിയിൽ കയറിയിരുന്നിരുന്ന ഒരു നാലുവയസ്സുകാരൻ പയ്യനുണ്ട്. ഇത്രയും മിടുക്കനായിട്ടുള്ള ഒരു കുട്ടിയെ ഞാൻ കണ്ടിട്ടില്ല. എസ്.എസ്.എൽ.സിക്ക് ഫുൾ എ പ്ലസ്. പ്ലസ്ടുവിന് എല്ലാവിഷയത്തിനും ഫുൾ എ പ്ലസ് കിട്ടി. ഞാൻ എം.എൽ.എയുടെ മെറിറ്റ് അവാർഡ് നൽകി. കേരളത്തിലെ പ്രശസ്തമായ ഒരു എഞ്ചിനീയറിങ് കോളേജിൽ ചേർന്നു. എന്നാൽ ഇന്നു ലഹരിക്ക് അടിമയാണ്. രണ്ടാംതവണ ലഹരിവിമോചന കേന്ദ്രത്തിലാക്കി. അവൻ തിരിച്ചു വരുമെന്ന് എനിക്ക് പ്രതീക്ഷയില്ല", എന്നായിരുന്നു ലഹരിക്കെതിരെ നടപടിയാവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയ നോട്ടീസ് അവതരണ വേളയിൽ തൊണ്ടയിടറിക്കൊണ്ട് വി.ഡി. സതീശൻ അനുഭവം പങ്കുവെച്ചത്.

ഇത് ഉമ തോമസ് എം.എൽ.എയുടെ മകനെക്കുറിച്ചാണ് എന്ന തരത്തിലാണ് പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ വ്യപക പ്രചാരണം ഉണ്ടായത്. ഹിൽപാലസ് സ്റ്റേഷനില്‍ നേരത്തെ എടുത്ത ഒരു എഫ്.ഐ.ആറിനൊപ്പം ചേർത്തായിരുന്നു പ്രചാരണം.

പ്രചരിക്കുന്ന വാർത്തകളോട് ഉമ തോമസിന്റെ പ്രതികരണം:

പോരാളി ഷാജി എന്ന ഫെയ്സ്ബുക്ക് പേജിൽ നിന്നാണ് ആദ്യം പോസ്റ്റ് വന്നത്. മക്കളായ രണ്ടുപേർക്കുമെതിരേയാണ് പോസ്റ്റുകൾ. ചിലർ വിഷ്ണുവിനെതിരേയും മറ്റു ചിലർ വിവേകിനെതിരേയുമാണ് പ്രചരണം നടത്തിയത്. ഞാനും പി.ടിയും നിൽക്കുന്ന ഫോട്ടോയ്ക്കൊപ്പമാണ് പ്രചാരണം. കഞ്ചാവ് കൈയിൽ വെച്ചതിന് ഒരാളെ പൊക്കി എന്ന് പറഞ്ഞിട്ടായിരുന്നു പ്രചാരണം. ഞാൻ തിരുവനന്തപുരത്തായിരുന്നപ്പോഴാണ് ഈ പ്രചാരണങ്ങൾ. ശക്തമായ മഴയിൽ വീട്ടിൽ വെള്ളം കയറിയിട്ട് കുട്ടികൾ കഷ്ടപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു. വീടുകൾ വൃത്തിയാക്കുന്ന സമയത്തായിരുന്നു ഇത്തരത്തിൽ ഒരു പ്രചാരണം വരുന്നത്.

കേസ് 2015ലുള്ളതെന്നാണ് പ്രചാരണം?

സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്

ഒക്കെ വെറുതെയാണ്. എഫ്.ഐ.ആറിൽ കാണിച്ചിരിക്കുന്ന നമ്പറൊക്കെ എടുത്തിട്ട് എന്താണ് എന്ന് ആദ്യം തന്നെ പരിശോധിച്ചു. എന്നാൽ അതിൽ പിടിയിലായിട്ടുള്ളത് വേറെ മൂന്ന് പേരാണ്. നോക്കിയപ്പോൾ മകന്റെ പേര് ഇല്ല എന്ന് മാത്രമല്ല ആ മൂന്നു പേരെ ശിക്ഷിച്ചിട്ടും ഇല്ല. അവർ ആരാണെന്ന് പോലും എനിക്കറിയില്ല. കേട്ടുകേൾവി പോലും ഇല്ലാത്ത പേരായിരുന്നു അവരുടേത്. കേസ് പോലും നിലവിലില്ലാത്തതാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഒരു നമ്പർ റഫറൻസ് ആയി കാണുമ്പോൾ എന്തായാലും അന്വേഷിക്കുമല്ലോ. അതുകൊണ്ടാണ് ഹിൽ പാലസ് സ്റ്റേഷനിൽ അന്വേഷിച്ചത്.

പി.ടിയോടുള്ള പക അവർക്ക് ഇനിയും തീർന്നിട്ടില്ല എന്നാണ് ഇതിലൂടെ മനസ്സിലാകുന്നത്. എന്നോട് പക തുടങ്ങിയിട്ടേ ഉണ്ടാകൂ. എന്തായാലും ഇത് വളരെ മോശമായി.

തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ പോലും ഞാൻ ആർക്കെതിരേയും വ്യക്തിഹത്യ നടത്തിയിട്ടില്ല. അതിന് കൂട്ടു നിൽക്കുകയുമില്ല. എനിക്കെതിരെ പറഞ്ഞു എന്നത് കൊണ്ട് അവർക്കെതിരെ പറയാൻ ഞാൻ തയ്യാറല്ല. എനിക്കതിന് താത്പര്യവുമില്ല. രാഷ്ട്രീയമായ തിരഞ്ഞെടുപ്പിനെ രാഷ്ട്രീയമായിത്തന്നെ നേരിട്ടു. അതിൽ വിജയിക്കാൻ പറ്റി. അതിപ്പോൾ ഞാനല്ലെങ്കിൽ വേറൊരാൾ വിജയിക്കും. അത് രാഷ്ട്രീയമാണ്. വ്യക്തിപരമായി എടുക്കുന്നത് തരണംതാണ ഇടപാടല്ലേ? അവർക്ക് വേറെ നിവൃത്തി ഇല്ലാത്തത് കൊണ്ടായിരിക്കാം ഇങ്ങനെ.

കുട്ടികൾക്കെതിരേ കേസ് എന്തെങ്കിലും?

കുട്ടികളിൽ ആർക്കെതിരേയും ഇതുവരെ ഒരു കേസും ഇല്ല. ആർക്കും എന്തുവേണമെങ്കിലും കൊടുക്കാമല്ലോ? എന്റെ അറിവിൽ ഇതുവരെ കുട്ടികൾക്കെതിരെ ഒരു കേസുപോലും ഇല്ല. കുട്ടികളോടല്ലേ ചോദിക്കാൻ പറ്റൂ. അവർക്കും അറിയില്ല കേസിനെക്കുറിച്ച്. പി.ടി. ഇല്ലാത്തത് കൊണ്ട് എനിക്ക് പി.ടിയോട് ചോദിക്കാനും നിവൃത്തിയില്ല.

എന്റെ കാര്യം മാത്രമല്ല, സാമൂഹിക മാധ്യമങ്ങളിൽ പലർക്കും ഇത്തരത്തിൽ പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. നേരത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സമയത്ത് ഒരു കുട്ടി പരാതിയുമായി വന്നിരുന്നു. ഫെയ്സ്ബുക്കിലുള്ള ഒരാളുടെ കാര്യം പറഞ്ഞ്. പടം ഇട്ടിരിക്കുന്നത് ഈ കുട്ടിയുടെ പടമാണ്. ഇതൊന്നും ചോദ്യം ചെയ്യാനോ തീരുമാനം ഉണ്ടാക്കാനോ ഒരാളില്ല. പരാതി നൽകിയാൽ അതിനൊരു മറുപടി നേരായ രീതിയിൽ കിട്ടുന്നും ഇല്ല. ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ ചെയ്യുന്നതിലൂടെ നമ്മളെ മറ്റുള്ളവരുടെ മുമ്പിൽ അപമാനിക്കാൻ വേണ്ടി ചെയ്യുന്ന പണിയാണ്.

എന്തായാലും ഇതിന്റെ അറ്റം വരെ പോകും. നൽകിയ പരാതിയിൽ എന്തായിരിക്കും തീരുമാനം ഉണ്ടാകുക എന്ന് നോക്കും. അതിന് ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കാം.

പ്രതിപക്ഷ നേതാവ് പറഞ്ഞ കാര്യത്തിന് പിന്നാലെയാണ് പ്രചാരണങ്ങൾ വ്യാപകമായത്?

പ്രതിപക്ഷ നേതാവ് ആരെയോ പറ്റി പറഞ്ഞത് ഞാനെങ്ങനെയാണ് അറിയാ? എനിക്കറിയില്ല, എന്തായാലും എന്റെ കുട്ടികളെ മടിയിൽ വെച്ച് വളർത്താൻ ഇതുവരെ പ്രതിപക്ഷ നേതാവ് വന്നിട്ടില്ല. ഈ കുട്ടികളേയാണ് അത്തരത്തിൽ വളർത്തിയത് എന്ന് പറയുകയാണെങ്കിൽ അതിൽ എനിക്ക് സന്തോഷമേയുള്ളൂ. പക്ഷെ, കുട്ടികൾ മടിയിൽ വളർന്നു എന്ന് വേണമെങ്കിൽ പറഞ്ഞോട്ടെ, ഇങ്ങനെ ഒരു കാര്യത്തിൽ പെട്ടു എന്ന് പറയരുത്.

മഹാരാജാസിൽ ഞാൻ വൈസ്ചെയർമാനായിരിക്കുമ്പോള്‍ അദ്ദേഹം തേവരയിൽ പഠിക്കുന്നുണ്ട്. അങ്ങനെ ഞങ്ങൾ രണ്ടുപേരും ഒരേസമയത്ത് മത്സരിച്ചിരുന്നവരാണ് എന്ന അറിവുണ്ട്. അതിനുശേഷം ഞാൻ പത്രങ്ങളിലൊക്കെയേ കണ്ടിട്ടുള്ളൂ. ഏതെങ്കിലും പരിപാടിക്ക് എപ്പോഴെങ്കിലും ഞാൻ പ്രതിപക്ഷ നേതാവിനെ കാണുന്നുണ്ടെന്നല്ലാതെ ഞാൻ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നത് കാരണം എനിക്ക് ഇതിനൊന്നും പോകാന്‍ നേരമുണ്ടായിരുന്നില്ല. പി.ടിയുടെ തിരഞ്ഞെടുപ്പിന് മാത്രം കുറേ കാലം ലീവ് എടുത്തിട്ട് തിരഞ്ഞെടുപ്പിന് വേണ്ടി മാത്രം പ്രവർത്തിച്ചിരുന്ന ഒരാളായിരുന്നു ഞാൻ.

എന്തിനാണ് വെറുതെ ഇല്ലാത്ത കാര്യം പറയുന്നത്. ഇല്ലാത്ത കാര്യം വളച്ചൊടിച്ച് ഇങ്ങനെയാണെന്ന് ഉണ്ടാക്കുന്നത് ആർക്കുവേണ്ടി, എന്തിന് വേണ്ടിയാണെന്ന് മനസ്സിലാകുന്നില്ല.

Content Highlights: uma thomas commenting allegation against son

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented