ഉല്ലാസും കുടുംബവും വീടിനുമുന്നിൽ
കൊല്ലം: തിരഞ്ഞെടുപ്പു രംഗത്തിറങ്ങിയതോടെ ഉള്ള ജോലിയും നഷ്ടപ്പെട്ട്, പ്രചാരണ ബാധ്യത പലിശയുംചേര്‍ന്ന് ഇരട്ടിച്ചതോടെ ഉല്ലാസ് കോവൂര്‍ കടക്കെണിയില്‍. വീടും സ്ഥലവും ലേലത്തിനു വെച്ചുകൊണ്ടുള്ള നോട്ടീസ് കിട്ടിയതോടെ ഇനിയെന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണീ പൊതുപ്രവര്‍ത്തകന്‍.
കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കുന്നത്തൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്ന ഉല്ലാസ് കോവൂരിന്റെ വീടും സ്ഥലവുമാണ് ബാങ്ക് ലേലത്തിനു വെച്ചിരിക്കുന്നത്. ശാസ്താംകോട്ട ഭൂപണയബാങ്കില്‍നിന്ന് പ്രമാണം ഈടായിനല്‍കി 5,00,000 രൂപയാണ് വായ്പയെടുത്തത്. പലിശയും പിഴപ്പലിശയുമൊക്കെയായി അത് 12,00,000 രൂപയായി.
കുറച്ചുതവണകള്‍ അടച്ചെങ്കിലും തിരഞ്ഞെടുപ്പ് വരുത്തിയ കടുത്ത സാമ്പത്തികബാധ്യതകള്‍ കാരണം തവണകള്‍ മുടങ്ങിയെന്ന് ഉല്ലാസ് പറഞ്ഞു. 31-ന് മൈനാഗപ്പള്ളി വില്ലേജ് ഓഫീസില്‍ ലേലം തീരുമാനിച്ചതായി രജിസ്റ്റേഡ് കത്ത് ലഭിച്ചിരിക്കുകയാണിപ്പോള്‍.
കൈരളി ടി.വി.യില്‍ സംവിധായകനായി ജോലിചെയ്തുവരവേ അത് രാജിവെച്ചാണ് തിരത്തെടുപ്പുരംഗത്തേക്ക് വന്നത്. ഭാര്യ സി.ജി.ആശ പത്രപ്രവര്‍ത്തകയായിരുന്നു. പാര്‍ട്ടി ഏല്‍പ്പിച്ച ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് അംഗമായപ്പോള്‍ ജോലി നഷ്ടപ്പെട്ടു. ഇടതുമുന്നണി അധികാരത്തില്‍ വന്നതോടെ റിക്രൂട്ട്മെന്റ് ബോര്‍ഡിലെ അംഗങ്ങളെ പിരിച്ചുവിട്ടതോടെ അതും നഷ്ടമായി. തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി സ്വര്‍ണം പണയംവെച്ചതും ലേലം ചെയ്തുപോയി.
അച്ഛന്റെ തുച്ഛമായ പെന്‍ഷനും അമ്മയുടെ തൊഴിലുറപ്പ്‌ജോലിയില്‍നിന്നുള്ള വരുമാനവുമാണിപ്പോള്‍ കുടുംബത്തിന്റെ ആശ്രയം. കേന്ദ്ര സാംസ്‌കാരികവകുപ്പിന്റെ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് തുക ലഭിച്ചുകൊണ്ടിരുന്നതും കോവിഡ് വന്നതോടെ നിലച്ചു. സ്വകാര്യ ചാനലിലെ നാടന്‍പാട്ട് പരിപാടിയിലും കോവിഡ് വില്ലനായി. 11 സെന്റ് സ്ഥലവും വീടും മാത്രമാണ് ആകെയുള്ളത്. അതാണ് ഇപ്പോള്‍ ബാങ്ക് ലേലത്തിനായി കൈമാറിയത്.
രണ്ടുതവണ പരാജയപ്പെട്ടെങ്കിലും മണ്ഡലത്തിന്റെ എല്ലായിടത്തും ഉല്ലാസ് സജീവമാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം നന്നായി കുറയ്ക്കാനും സാധിച്ചിരുന്നു. നാടന്‍പാട്ട് രംഗത്ത് നിരവധി ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ യുവകലാകാരന്‍കൂടിയാണ് ഉല്ലാസ്.
Content Highlights: Ullas Kovoor in financial crisis
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..