ഇടുക്കി: ഇടുക്കി ഉടുമ്പന്‍ചോലയിലെ ഗൃഹനാഥന്റെ കൊലപാതകം രാഷ്ട്രീയ പ്രേരിതമല്ലെന്ന് പോലീസ്. കടം നല്‍കിയ പണത്തെ ചൊല്ലി സൃഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചത്. അതേസമയം സി.പി.എം പ്രവര്‍ത്തകനായ സെല്‍വരാജിനെ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ശേഷം യു.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ ആക്രമിക്കുകയായിരുന്നെന്ന് സി.പി.എം ആരോപിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് സെല്‍വരാജിന്റെ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തമിഴ്‌നാട്ടിലെ മധുര മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഉടുമ്പന്‍ചോല സ്വദേശി സെല്‍വരാജ് ശനിയാഴ്ച രാത്രിയാണ് മരിച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ദിനം രാത്രിയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് സെല്‍വരാജിന് തലക്ക് സാരമായി പരിക്കേറ്റിരുന്നു. യു.ഡി.എഫ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നെന്ന് സി,പി.എം ആരോപിക്കുന്നു.

എന്നാല്‍ സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. വോട്ടെണ്ണല്‍ ദിനത്തില്‍ ഉടുമ്പന്‍ചോല പൂക്കലാറിലെ ഒരു വീട്ടില്‍ മരണാന്തര ക്രിയകള്‍ നടത്തി മടങ്ങവെ സെല്‍വരാജും സുഹൃത്ത് അരുള്‍ ഗാന്ധിയും കണ്ടുമുട്ടി. കടമായി നല്‍കിയ തുക തിരികെ വേണമെന്ന് സെല്‍വരാജ് ഈ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരുവരും തമ്മിലുണ്ടായ തര്‍ക്കം കയ്യാങ്കളിയിലേക്ക് നീങ്ങി. 

ഇതിനിടെയെത്തിയ അരുള്‍ ഗാന്ധിയുടെ മകനും സെല്‍വരാജിനെ മര്‍ദ്ദിച്ചു. നാട്ടുകാരും പോലീസുമാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ സെല്‍വരാജിനെ മധുര മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇരുവരും തമ്മില്‍ പണമിടപാട് ഉണ്ടായിരുന്നതായി നാട്ടുകാരും പറയുന്നു. മൃതദേഹം പാറത്തോട്ടിലെ സി.പി.എം ഓഫീസില്‍ പൊതു ദര്‍ശനത്തിന് വെച്ചു. സംഭവവുമായി ബന്ധമില്ലെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം അറിയിച്ചു.

content highlights: Udumbanchola, murder, police, CPIM, Congress