തിരുവനന്തപുരം: കല്ലറ പഞ്ചായത്തില്‍ വെള്ളംകുടി വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ജി.ശിവദാസന്‍ 143 വോട്ടിന് വിജയിച്ചു. ഇതോടെ ഭരണം യു. ഡി. എഫിന്റെ കൈകളിലായി. എല്‍. ഡി .എഫിലെ എസ്.ലതയായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. ബി.ജെ.പിക്ക് 66 വോട്ടുകള്‍ ലഭിച്ചു. 

വെള്ളംകുടി വാര്‍ഡിലെ എല്‍.ഡി.എഫ് അംഗമായിരുന്ന സജു കെ.എസ്.ആര്‍.ടി.സിയില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് രാജിവച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

ആകെ പതിനേഴ് വാര്‍ഡുകളാണ് പഞ്ചായത്തിലുള്ളത്. ഇതില്‍ 9 എണ്ണം എല്‍.ഡി.എഫിനും 8 സീറ്റുകള്‍ യു.ഡി.എഫിനുമായിരുന്നു.ഒരാള്‍ രാജിവച്ചതോടെ ഇരുവരുടെയും കക്ഷിനില തുല്യമായി.വെള്ളംകുടിയില്‍ ആര് ജയിച്ചാലും അവരാണ് പഞ്ചായത്ത് ഭരിക്കുക എന്നതിനാല്‍ കനത്ത പോരാട്ടാമാണ് നടന്നത്. ഇരു പാര്‍ട്ടികളുടേയും ജില്ലാ, സംസ്ഥാനതല നേതാക്കള്‍ വരെ പ്രചാരണത്തിന് എത്തിയിരുന്നു.

Content Highlights: udf won in kallara panchayath byelection