തിരുവനന്തപുരം: ക്രിയാത്മകമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. ഇടത് സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ക്ക് പൂര്‍ണ്ണമായ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കെപിസിസി യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പിലെ തോല്‍വിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സ്ഥാനാര്‍ത്ഥികളെക്കൂടി ഉള്‍പ്പെടുത്തി ജൂണ്‍ 4,5 തീയ്യതികളില്‍ ക്യാമ്പ് എക്‌സിക്യൂട്ടീവ് നടത്തും. രമേശ് ചെന്നിത്തല മുന്നോട്ടുവെച്ച ഈ ആശയം കെപിസിസി യോഗത്തില്‍ അംഗീകരിക്കുകയായിരുന്നു. ഇതില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ കൂടി കേള്‍ക്കും. ഈ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിനിരിക്കാനാണ് കോണ്‍ഗ്രസിന് ജനങ്ങള്‍ നല്‍കിയ നിര്‍ദ്ദേശം. അതുകൊണ്ട് ജാഗ്രതയോടുകൂടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം 142 അക്രമസംഭങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അക്രമങ്ങളിലുള്‍പ്പെട്ടവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്തേ തീരൂ. അക്രമസംഭവങ്ങളെ പ്രോല്‍സാഹിപ്പിക്കില്ല എന്ന് നിലപാട് എല്ലാ കക്ഷികളും സ്വീകരിക്കണമെന്നും വി.എം.സുധീരന്‍ ആവശ്യപ്പെട്ടു.