തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 സാമൂഹ്യ വ്യാപനത്തിലേക്ക് നീങ്ങിയാല്‍ അതിന്റെ പരിപൂര്‍ണ ഉത്തരവാദിത്തം യു.ഡി.എഫിനായിരിക്കുമെന്ന് മന്ത്രി എ.കെ.ബാലന്‍. കേരളത്തില്‍ തെരുവുയുദ്ധത്തിനാണ് കോണ്‍ഗ്രസും ബി.ജെ.പിയും ശ്രമിക്കുന്നതെങ്കില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന് സാധിക്കാതെ വരുമെന്നും മന്ത്രി പറഞ്ഞു.

നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണിതെന്നും ഇത് ജനങ്ങള്‍ തിരിച്ചറിയണമെന്നും എപ്പിഡമിക് ഡിസീസ് ഓര്‍ഡിനന്‍സിനും ദുരന്തനിവാരണ അതോറിട്ടി നിയമത്തിനും എതിരാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്നും മന്ത്രി പറഞ്ഞു. 'മഹാമാരി സമയത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. കേരളത്തില്‍ കോവിഡ് വ്യാപനത്തിനുള്ള പ്രത്യക്ഷമായ ഇടപെടലും പ്രേരണയുമാണിത്. ഇത് രാജ്യദ്രോഹമാണ്. ഇത്തരം സമരമുറകള്‍ ജനങ്ങള്‍ തള്ളിക്കളയണം' - മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു.  

സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനയനുസരിച്ച് സമഗ്രമായ അന്വേഷണം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും എന്‍.ഐ.എ. ആണ് അന്വേഷണം നടത്തുന്നതെന്നും ഇതിനോട് കോണ്‍ഗ്രസ് യോജിക്കാത്തത് ദുരൂഹമാണെന്നും എ.കെ. ബാലന്‍ ആരോപിച്ചു. കെ.പി.സി.സി. പ്രസിഡന്റ് തന്നെ അത് വ്യക്തമാക്കിയിട്ടുള്ളതായും മന്ത്രി പറഞ്ഞു.

ഇത്തരം കേസുകളില്‍ എന്‍.ഐ.എ. അല്ല, സി.ബി.ഐ. ആണ് അന്വേഷണം നടത്തേണ്ടതെന്ന മുല്ലപ്പള്ളിയുടെ വാദം എന്തിന്റെ പിന്‍ബലത്തിലാണെന്ന് കെ.പി.സി.സി. വ്യക്തമാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. എന്‍.ഐ.എ. അന്വേഷണത്തെ ആരാണ് ഭയപ്പെടുന്നത്? ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒരു ആശങ്കയുമില്ല. സര്‍ക്കാരിന്റെ നിലപാട് വ്യക്തമാണ്. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഏത് അന്വേഷണ ഏജന്‍സിക്കും പരിപൂര്‍ണ പിന്തുണയും സഹായവും സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു നല്‍കിയതാണ് - മന്ത്രി വ്യക്തമാക്കി.

സി.ബി.ഐ.യെ കേരള സര്‍ക്കാര്‍ ക്ഷണിക്കാത്തതു കൊണ്ടാണ് സി.ബി.ഐ. അന്വേഷണത്തിന് കേന്ദ്രം ഉത്തരവാകാത്തത് എന്നത് അര്‍ഥശൂന്യമായ വാദമാണെന്നും ഇത്തരം വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഒരു ശുപാര്‍ശയും ആവശ്യമില്ല എന്നും സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശയില്ലാതെ തന്നെ നിരവധി കേസുകളില്‍ സി.ബി.ഐ. അന്വേഷണം കേന്ദ്രം നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തു മാത്രം ഒതുങ്ങി നില്‍ക്കുന്ന വിഷയമാണെങ്കില്‍ സാധാരണ നിലയില്‍ സി.ബി.ഐ.ക്ക് വിടുന്നതിനു മുമ്പ് സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം കേന്ദ്ര സര്‍ക്കാര്‍ ചോദിക്കാറുണ്ട്. ഇക്കാര്യത്തില്‍ അതിന്റെ ആവശ്യവുമില്ല. ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ പരാമര്‍ശിക്കപ്പെട്ട പ്രതികളെല്ലാം തന്നെ കോണ്‍ഗ്രസുമായും ബി.ജെ.പി.യുമായും ബന്ധമുള്ളവരാണ്. ഇടതുപക്ഷവുമായി ബന്ധപ്പെട്ട ഒരാളുടെ പേരും ഇതുവരെ പരാമര്‍ശിക്കപ്പെട്ടിട്ടില്ല - മന്ത്രി പറഞ്ഞു.  

സ്വര്‍ണ കള്ളക്കടത്തിന്റെ ഗുണഭോക്താക്കള്‍ ആരാണെന്നത് കേരളീയ സമൂഹം നേരത്തേ തന്നെ തിരിച്ചടിഞ്ഞതാണെന്നും ഇപ്പോള്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് പറഞ്ഞ് തെരുവിലിറങ്ങുന്നതിന്റെ പരിഹാസ്യത കേരള ജനത തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തി തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും ഇതുകൊണ്ടൊന്നും എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ പ്രതിഛായക്ക് ഒരു മങ്ങേലല്‍ക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

ജനങ്ങളെ തെരുവിലിറക്കി നടത്തുന്ന ഈ അക്രമം വഴി ഒരു മഹാമാരിയുടെ വ്യാപനത്തിന് കളമൊരുക്കുന്നതു കൊണ്ട് കേരളം നശിക്കട്ടെയെന്നും രോഗവ്യാപനം ഉത്തരേന്ത്യയിലെപ്പോലെ ഇവിടെയുമാകട്ടെ എന്നുമാണ് കോണ്‍ഗ്രസും ബി.ജെ.പിയും ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ വിളിച്ചു ചേര്‍ത്ത യോഗങ്ങളില്‍ പോലും പ്രതിപക്ഷത്തുനിന്ന് പങ്കെടുക്കാതിരിക്കുന്നത് - മന്ത്രി എ.കെ. ബാലന്‍ ആരോപിച്ചു.

Content Highlights: UDF will be responsible for Covid community spread, says minister AK Balan