പി.എ. മുഹമ്മദ് റിയാസ്| Photo: Mathrubhumi
കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി - ആര്‍.എസ്.എസ്. ചര്‍ച്ചയില്‍ യു.ഡി.എഫ്. നേതാക്കള്‍ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടും യു.ഡി.എഫ്. നേതൃത്വം ഇതുവരെ പ്രതികരിച്ചു കണ്ടില്ല. എല്ലാ വിഷയത്തിലും അഭിപ്രായം പറയുന്ന പ്രതിപക്ഷ നേതാവ് ഇതേക്കുറിച്ച് ഒരക്ഷരം പറഞ്ഞിട്ടില്ല. കെ.പി.സി.സി. പ്രസിഡന്റ് ഈ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് പറഞ്ഞിട്ടില്ല.
കേരളത്തിലെ മുസ്‌ലിം സംഘടനകളും പണ്ഡിത നേതൃത്വവും ഈ ചര്‍ച്ചയ്‌ക്കെതിരേ നിലപാട് സ്വീകരിച്ചു. സുപ്രഭാതം പോലുള്ള പത്രങ്ങളും ഇതിനെതിരേ ശക്തമായ നിലപാടെടുത്തു. എന്നാല്‍ ലീഗ് ഒരക്ഷരം മിണ്ടിയിട്ടില്ല. ലീഗ് ദിനപത്രമായ ചന്ദ്രികയില്‍ ഒന്നും വന്നിട്ടില്ല. യു.ഡി.എഫ്. നേതാക്കളുടെ മൗനം, യു.ഡി.എഫില്‍ നിസ്വാര്‍ഥമായി പ്രവര്‍ത്തിക്കുന്ന, മതരാഷ്ട്രവാദത്തിനെതിരേ ശക്തമായി പ്രവര്‍ത്തിക്കുന്ന മതനിരപേക്ഷ മനസ്സുകളെ വഞ്ചിക്കുന്നതിന് തുല്യമാണ്.
കേരളത്തിലെ ഇടതുമുന്നണി തുടര്‍ഭരണം ദഹിക്കാത്ത ചില സംഘങ്ങള്‍ എല്ലാവരെയും യോജിപ്പിച്ചുകൊണ്ട് ഈ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം നടത്തുകയാണ്. ഈ ചര്‍ച്ചകള്‍ക്കു പിന്നില്‍ അത്തരമൊരു ശ്രമമുണ്ടോ എന്ന് വ്യക്തമാക്കണം. ജമാഅത്തെ ഇസ്‌ലാമിയുടെ തണലില്‍ വിലസുന്ന രാഷ്ട്രീയപ്പാര്‍ട്ടി യു.ഡി.എഫിന് പരസ്യമായും രഹസ്യമായുമൊക്കെ പിന്തുണ നല്‍കുകയാണ്. ഈ ഘട്ടത്തില്‍ ഇത് കൂട്ടിവായിക്കപ്പെടേണ്ടതാണ്.
ആര്‍.എസ്.എസും ജമാഅത്തെ ഇസ്‌ലാമിയും മതരാഷ്ട്രവാദത്തെ തള്ളുന്നവരല്ല. രണ്ടുപേരും അവരുടെ നിലപാടുകള്‍ പ്രഖ്യാപിച്ചവരുമാണെന്നും മന്ത്രി പറഞ്ഞു.
Content Highlights: udf's silence on jamaat-e-islami issue, minister pa riyas raised question
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..