ഇരിങ്ങാലക്കുട: സി.പി.ഐ. അംഗത്തിന്റെ വോട്ട് അസാധുവായതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട നഗരസഭാ ഭരണം അപ്രതീക്ഷിതമായി യു.ഡി.എഫിന് ലഭിച്ചു. കോണ്‍ഗ്രസിലെ നിമ്യ ഷിജുവാണ് ചെയര്‍പേഴ്‌സണ്‍. സി.പി.ഐ. അംഗം വി.കെ.സരളയുടെ വോട്ടാണ് അസാധുവായത്. സി.പി.എമ്മിലെ കെ.കെ.ശ്രീജിത്തായിരുന്നു ഇടതു മുന്നണിയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി.

ആദ്യഘട്ട വോട്ടെടുപ്പില്‍ നിമ്യയ്ക്കും ശ്രീജിത്തിനും പത്തൊന്‍പത് വോട്ട് വീതമാണ് ലഭിച്ചത്. ബി.ജെ.പി. സ്ഥാനര്‍ഥി അമ്പിളി ജയന് മൂന്നു വോട്ടും ലഭിച്ചു. ഇതിനെ തുടര്‍ന്നാണ് രണ്ടാമതും വോട്ടെടുപ്പ് നടത്തിയത്. എന്നാല്‍, ഇതില്‍ സരള ബാലറ്റ് പേപ്പറില്‍ മാറി ഒപ്പിട്ടതിനെ തുടര്‍ന്ന് വരണാധികാരിയായ റവന്യൂ ഓഫീസര്‍ വോട്ട് അസാധുവായി പ്രഖ്യാപിച്ചു. ഒരു വോട്ടിന്റെ ബലത്തില്‍ നിമ്യ ചെയര്‍പേഴ്‌സനാവുകയും ചെയ്തു.

ചെയര്‍മാന്‍ സ്ഥാനം ഒരംഗത്തിന്റെ വോട്ട് അസാധുവായതിലൂടെയാണ് എല്‍.ഡി.എഫിന് നഷ്ടമാക്കിയതെങ്കില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തില്‍ നറുക്കെടുപ്പിലെ ഭാഗ്യവും അവരെ തുണച്ചില്ല. കോണ്‍ഗ്രസിലെ രാജേശ്വരി ശിവരാമന്‍ വൈസ് ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടു.

വോട്ടെടുപ്പിനുശേഷം എല്‍.ഡി.എഫ് അംഗങ്ങള്‍ റവന്യൂ ഓഫീസര്‍ക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി.