പരിഷത്തിന്റെ പദയാത്രയില്‍ യുഡിഎഫ് നേതാക്കളും; എന്‍.കെ.പ്രേമചന്ദ്രനും എം.ലിജുവും ജാഥാ ലീഡര്‍മാരാകും


ഇ.വി.ജയകൃഷ്ണന്‍

പരിഷത്തിന് കക്ഷിരാഷ്ട്രീയമില്ലെന്ന് വിശദീകരണം

ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പദയാത്ര ജസ്റ്റിസ് കെ.ചന്ദ്രു ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: യു.ഡി.എഫ് നേതാക്കളെക്കൂടി ജാഥാ ലീഡര്‍മാരാക്കി ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പദയാത്ര. കെ. റെയില്‍ കേരളത്തിനു ദോഷമെന്ന നിലാടില്‍ പരിഷത്ത് ഉറച്ച് നില്‍ക്കുമ്പോഴും പദയാത്രയില്‍ സി.പി.എം നേതാക്കളെയും കൂടെക്കൂട്ടുന്നു. 'ശാസ്ത്രം ജനനന്മയ്ക്ക്, ശാസ്ത്രം നവകേരളത്തിന്' എന്ന സന്ദേശമുയര്‍ത്തി കാഞ്ഞങ്ങാട് നിന്നു വെള്ളിയാഴ്ച രാവിലെ പദയാത്ര തുടങ്ങി.

സാമൂഹിക, സാംസ്‌കാരിക, പാരിസ്ഥിതിക, വിദ്യാഭ്യാസ, സാമ്പത്തികമേഖലകളിലെ പ്രശ്നങ്ങള്‍ മുന്‍ നിര്‍ത്തി ജനങ്ങളുമായി സംവദിക്കുകയാണ് പദയാത്രയുടെ ലക്ഷ്യം. സ്വാഭാവികമായും സമകാലിക വിഷയം സംവദിക്കുമ്പോള്‍ കെ. റെയിലും കടന്നു വരും. ജാഥയില്‍ പങ്കാളികളാകുന്ന സി.പി.എമ്മുകാര്‍ കെ.റെയിലിനെ അനുകൂലിക്കുകയും പരിഷത്തുകാരും യു.ഡി.എഫ്. നേതാക്കളും ഇതിനെ എതിര്‍ക്കുകയും ചെയ്യും. ഐക്യത്തിന്റെ സന്ദേശമാണ് ഈ പദയാത്രയെന്ന് പരിഷത്ത് ഭാരവാഹികള്‍ പറയുമ്പോഴും പൊരുത്തക്കേടുകളില്ലേയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ ഇവര്‍ക്കു കഴിയുന്നില്ല.

34 ദിവസമാണ് ജാഥ. ഓരോ ദിവസവും ജാഥാ ലീഡര്‍ മാറും. ആദ്യ ദിവസം നയിക്കുന്നത് സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം ഡോ. തോമസ് ഐസക്ക്. ഫെബ്രുവരി 21-ന് ആലപ്പുഴയില്‍ കോണ്‍ഗ്രസ് നേതാവ് എം.ലിജുവും 26-ന് കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി.യും ജാഥാ ലീഡറാകും. പദയാത്ര സര്‍ക്കാരിനെ അസ്വസ്ഥപ്പെടുത്തുമോയെന്ന ചോദ്യം സി.പി.എമ്മിലും ആശങ്കയുണ്ടാക്കുന്നു. ഇതിന്റെ സൂചന കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ പരിഷത്ത് നേതാക്കള്‍ നല്‍കിക്കഴിഞ്ഞു. കേരളത്തില്‍ ആത്മഹത്യ കൂടുന്നുവെന്നായിരുന്നു പദയാത്രയുടെ കണ്‍വീനറും പരിഷത്ത് സംസ്ഥാന നേതാവുമായിരുന്ന എം.ദിവാകരന്‍ പറഞ്ഞത്.

ആരോഗ്യ രംഗത്ത് മുന്നേറ്റമെന്ന് പറയുമ്പോഴും മരുന്ന് വില്‍പ്പന ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതൽ കേരളത്തിലാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. കുടുംബബന്ധങ്ങളില്‍ വിള്ളലുണ്ടാക്കുന്നുണ്ട്. കേരളത്തിന്റെ നേട്ടങ്ങള്‍ അതേ രീതിയില്‍ കൊണ്ടു നടക്കാന്‍ കഴിയുന്നില്ല. പുതിയ സാഹചര്യങ്ങളെ എടുത്തുകാട്ടിപ്പറഞ്ഞതു പലതും സര്‍ക്കാരിനെ പ്രതികൂട്ടിലാക്കുന്നതാണ്. യാത്രയുടെ ഉദ്ഘാടനച്ചടങ്ങിന്റെ സംഘാടക സമിതി ചെയര്‍മാനായി പ്രവര്‍ത്തിച്ചത് സി.പി.എം. കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയംഗവും ദീര്‍ഘകാലം കൊടിയേരി ബാലകൃഷ്ണന്റെ പേഴ്സണല്‍ സെക്രട്ടറിയുമായിരുന്ന എം.രാഘവനാണ്. ഇദ്ദേഹമുള്‍പ്പെടെയുള്ളവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. വ്യാഴാഴ്ച വൈകീട്ട് കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ മുന്‍ ചെന്നൈ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.ചന്ദ്രുവാണ് പദയാത്ര ഉദ്ഘാടനം ചെയ്തത്. ഫെബ്രുവരി 28-ന് ജാഥ തിരുവനന്തപുരത്ത് സമാപിക്കും.

പരിഷത്തിന് കക്ഷിരാഷ്ട്രീയമില്ലെന്ന് വിശദീകരണം

ശാസ്ത്ര സാഹിത്യ പരിഷത്തിന് കക്ഷി രാഷ്ട്രീയമില്ലെന്ന് വിശദീകരിച്ച് സംസ്ഥാന നേതാക്കള്‍ രംഗത്തെത്തി. 1990 ല്‍ പരിഷത്ത് നടത്തിയ പദയാത്രയില്‍ കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ പങ്കെടുത്തിരുന്നുവെന്ന് പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോജി കുട്ടുമ്മേല്‍ ഓര്‍മിപ്പിച്ചു. പരിഷത്തില്‍ കൂടുതലുമുള്ളത് ഇടതുപക്ഷക്കാരാണെന്നത് യാഥാര്‍ഥ്യമാണ്. അതുകൊണ്ട് മറ്റു രാഷ്ട്രീയപ്പാര്‍ട്ടിക്കാരോട് എതിര്‍പ്പൊന്നുമില്ല. അവരുടെ നിലപാട് പരിഷത്തിന്റെ ആശയങ്ങളുമായി യോജിക്കുന്നതാണെങ്കില്‍ എല്ലാ കാലത്തും അതു സ്വീകരിച്ച ചരിത്രമാണ് സംഘടനയ്ക്കുള്ളത്. പുതിയ സാഹചര്യത്തില്‍ പരിഷത്ത് ഉയര്‍ത്തുന്ന വിഷയങ്ങള്‍ എല്ലാവരും ഏറ്റെടുത്താലെ വിജയിപ്പിക്കാനാകൂ. യു.ഡി.എഫ് നേതാക്കള്‍ മാത്രമല്ല, എക്കാലവും ഇടതുപക്ഷത്തിനെതിരെ നിലകൊണ്ട എഴുത്തുകാരെയും സാംസ്‌കാരിക നായകരെയുമെല്ലാം ഈ ജാഥയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇദ്ദേഹം 'മാതൃഭൂമി'യോടു പറഞ്ഞു.

Content Highlights: UDF leaders participate Parishath's padayatra; NK Premachandran and M. Liju will participate

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Innocent and Mohanlal

1 min

എന്താ പറയേണ്ടത് എൻ്റെ ഇന്നസെൻ്റ്... നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും -മോഹൻലാൽ

Mar 27, 2023


eknath shinde rahul gandhi

1 min

'സവർക്കറെ രാഹുൽ അപമാനിച്ചു, റോഡിലിറങ്ങി നടക്കാൻ പാടുപെടും'; ഭീഷണിയുമായി ഏക്നാഥ് ഷിന്ദെ

Mar 25, 2023


innocent

'സെന്റ് ഇല്ല എന്ന് അറിയാമായിരുന്നിട്ടും സുന്ദരിയായ ആ പെണ്‍കുട്ടിക്ക് വേണ്ടി ഞാന്‍ അലമാര പരതി'

Mar 26, 2023

Most Commented