സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതിയായി എന്‍.ഐ.എ. കസ്റ്റഡിയില്‍ എടുത്തിരിക്കുന്ന സ്വപ്‌നയുമായി സ്പീക്കര്‍ക്ക് സൗഹൃദമുണ്ട് എന്നത് വ്യക്തമായ സാഹചര്യത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ രാജിവയ്ക്കണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കുന്നതായി യു.ഡി.എഫ്. കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍.
ഇതിനെക്കുറിച്ച് യു.ഡി.എഫിനുള്ളില്‍ നടന്ന ചര്‍ച്ചയില്‍ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയവും സ്പീക്കര്‍ക്കെതിരെ പ്രമേയവും കൊണ്ടുവരണം എന്നതാണ് തീരുമാനമെന്നും ഇതിനായി പ്രതിപക്ഷ നേതാവിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ബെന്നി ബെഹന്നാന്‍ അറിയിച്ചു.
പ്രമേയങ്ങള്‍ എന്ന് അവതരിപ്പിക്കും എന്നതിനെ സംബന്ധിച്ച് ഇപ്പോള്‍ തീരുമാനമായിട്ടില്ല എന്നും അതിനെക്കുറിച്ച് മറ്റ് നേതാക്കന്മാരുമായി ചര്‍ച്ച നടത്തിയ ശേഷം പ്രതിപക്ഷ നേതാവ് അറിയിക്കുമെന്നും ബെന്നി ബെഹന്നാന്‍ പറഞ്ഞു.
സ്പീക്കര്‍ സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ യുവതിയുമായി ഇത്തരത്തില്‍ സൗഹൃദബന്ധം സ്ഥാപിക്കുന്നത് രാഷ്ട്രീയ മര്യാദയല്ല, അതുകൊണ്ടുതന്നെ സര്‍ക്കാരിനും സ്പീക്കര്‍ക്കുമെതിരെ രാഷ്ട്രീയനീക്കം നടത്തണം എന്നാണ് യു.ഡി.എഫ്. നേതാക്കളുടെ നിലപാട് - ബെന്നി ബെഹന്നാന്‍ പറഞ്ഞു.
കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് എന്‍.ഐ.എ. നടത്തിയ അന്വേഷണത്തില്‍ പിടിക്കപ്പെട്ട പ്രതികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നടത്തിയ നീക്കങ്ങള്‍ സംബന്ധിച്ച് വ്യക്തത വന്നിട്ടുണ്ടെന്നും ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ രാജി വീണ്ടും ആവശ്യപ്പെടുന്നതെന്നും ബെന്നി ബെഹന്നാന്‍ പറഞ്ഞു.
Content highlight: udf demands resignation of speaker sreerama krishnan and cm pinarayi vijayan in gold smuggling case