വി.ഡി.സതീശൻ, കെ.സുധാകരൻ, കെ.മുരളീധരൻ |ഫോട്ടോ:മാതൃഭൂമി
ന്യൂഡല്‍ഹി: കെ.മുരളീധരന്‍ യുഎഡിഎഫ് കണ്‍വീനറാകുന്നത് തടയാന്‍ ഡല്‍ഹിയില്‍ കരുനീക്കങ്ങള്‍ സജീവമായി. കേരളത്തിലെ പുതിയ നേതൃത്വവും ഗ്രൂപ്പ് നേതാക്കളും മുരളീധരനെതിരെ ഒന്നിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം ഉമ്മന്‍ചാണ്ടിയുടെ പിന്തുണ കെ.മുരളീധരനുണ്ട്.
തിരുവഞ്ചൂരിനേയോ പി.സി.വിഷ്ണുനാഥിനേയോ മുരളിക്ക് പകരം യുഡിഎഫ് കണ്‍വീനറാക്കാനാണ് നീക്കം. രാഷ്ട്രീയകാര്യ സമിതി യോഗം ബഹിഷ്‌കരിച്ചതിന് പിന്നാലെയാണ് മുരളീധരനെതിരെ നേതാക്കള്‍ ഒന്നിച്ചത്.
പ്രതിപക്ഷ നേതാവിനേയും കെപിസിസി അധ്യക്ഷനേയും മാറ്റിയതിന് പിന്നാലെ പുതിയ യുഡിഎഫ് കണ്‍വീനറെ നിയമിക്കുക എന്നതാണ് കേരള ഘടകത്തില്‍ ഹൈക്കമാന്‍ഡിന് മുന്നിലുള്ള അടുത്ത തലവേദന. വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ട കെ.വി.തോമസിനെ ഈ സ്ഥാനത്തേക്ക് പരിഗണിക്കാനായിരുന്നു ഹൈക്കമാന്‍ഡിന്റെ ആദ്യ ആലോചന. എന്നാല്‍ സാമൂഹിക മാധ്യമങ്ങളിലും മറ്റും കെ.മുരളീധരന് ലഭിച്ച പിന്തുണയാണ് നേതൃത്വത്തെ മാറ്റി ചിന്തിപ്പിച്ചത്.
എന്നാല്‍ മുരളീധരന്റെ വരവ് മറ്റൊരു അധികാര കേന്ദ്രം സൃഷ്ടിക്കുമെന്ന കേരളത്തിലെ ചില നേതാക്കള്‍ ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചതായാണ് വിവരം. മുരളീധരനെ വെട്ടാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയാണ് ഉയര്‍ത്തിക്കാട്ടുന്നത്. വി.ഡി.സതീശനുമായും കെ.സുധാകരനുമായും അടുത്തിടെയായി വലിയ അടുപ്പത്തിലാണ് തിരുവഞ്ചൂര്‍. അതേ സമയം യുവനേതൃത്വം പി.സി.വിഷ്ണുനാഥിന്റെ പേരാണ് മുന്നോട്ട് വെക്കുന്നത്.
ഇതിനിടെ നേതൃത്വത്തില്‍ സാമുദായിക സമത്വം പാലിക്കുന്നതിനായി എം.എ.ഹസ്സനെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ തുടരാന്‍ അനുവദിക്കണമെന്ന അഭിപ്രായക്കാരും കോണ്‍ഗ്രസിലുണ്ട്. ഹസ്സന്‍ മാറുകയാണെങ്കില്‍ കെ.സി.ജോസഫിനെ പരിഗണിക്കണമെന്നും ഇവര്‍ പറയുന്നു. എന്നാല്‍ മുസ്ലിം ലീഗ് അടക്കമുള്ള യുഡിഎഫ് ഘടകക്ഷികളുമായി ആലോചിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് അന്തിമ തീരുമാനത്തിലെത്തുക.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..