തിരുവനന്തപുരം: കേന്ദ്ര  - സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ യു.ഡി.എഫ് രാപ്പകല്‍ സമരം നടത്തുന്നു. അടുത്തമാസം അഞ്ചിന് സെക്രട്ടേറിയറ്റിന് മുന്നിലും കളക്ടറേറ്റുകള്‍ക്ക് മുന്നിലും രാപ്പകല്‍ സമരം നടത്താനാണ് തീരുമാനം. നവംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ ഒന്നുവരെ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ ജാഥകള്‍ സംഘടിപ്പിക്കും. വേങ്ങര ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി ബുധനാഴ്ച മലപ്പുറത്ത് യു.ഡി.എഫ് നേതൃയോഗം ചേരും.

മദ്യനയത്തിലെ അഴിമതിപ്പണം വെളിപ്പിക്കാനാണ് നായനാര്‍ സ്മാരകത്തിനുവേണ്ടി പണപ്പിരിവ് നടത്തുന്നതെന്ന് യോഗത്തിനുശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇന്ധന വില വര്‍ധനയില്‍ ജനങ്ങള്‍ വളരെയധികം ബുദ്ധിമുട്ടുകയാണ്. കോര്‍പ്പറേറ്റുകളെ സഹായിക്കുന്നതിനുവേണ്ടി പകല്‍ക്കൊള്ളയ്ക്കാണ് കൂട്ടുനില്‍ക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ മൂന്ന് തവണ സംസ്ഥാനത്തിന് ലഭിക്കുന്ന അധിക നികുതി വേണ്ടെന്നുവച്ചിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, ഒരുതവണപോലും നികുതി വേണ്ടെന്നുവെക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

അതിനാല്‍ ജനങ്ങള്‍ ദുരിതം അനുഭവിക്കുന്നതിന് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ഉത്തരവാദികളാണ്. കോവളം കൊട്ടാരം, തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം, പി.വി അന്‍വര്‍ എം.എല്‍.എയുടെ അനധികൃത റിസോര്‍ട്ട് എന്നീ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.