കോഴിക്കോട്: കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് വിവിധ കാരണങ്ങളാൽ തെരുവോരങ്ങളിൽ ഒറ്റപ്പെട്ടു പോയവരെ സമഗ്രമായി പുനരധിവസിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച ഉദയം പദ്ധതിയുടെ പ്രധാന കേന്ദ്രം ചൊവ്വാഴ്ച വൈകീട്ട് 5.30-ന് ഓൺലൈനായി നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ചേവായൂർ ത്വക്ക് രോഗാശുപത്രി വളപ്പിലാണ് കേന്ദ്രം സജ്ജമാക്കിയത്.

ജില്ലാ സമൂഹ്യനീതി വകുപ്പിന്റെയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിന്റെയും സന്നദ്ധ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിലാണ് അന്തേവാസികൾക്ക് ആവശ്യമായ മാനസിക പരിചരണം നൽകുന്നത്. ജില്ലയിലെ സന്നദ്ധ കൂട്ടായ്മകളുടെയും സുമനസ്സുകളുടെയും സഹകരണത്തിലാണ് അന്തേവാസികൾക്ക് വസ്ത്രവും ഭക്ഷണവും വൈദ്യസഹായവും നിത്യചിലവുകളും ഒരുക്കുന്നത്.

ഇംഹാൻസിന്റെയും ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റിന്റെയും നേതൃത്വത്തിലുള്ള സൈക്കോ സോഷ്യൽ കെയർ ടീം ആവശ്യമായ സാമൂഹ്യ മാനസിക വിലയിരുത്തലും ചികിത്സയും പരിരക്ഷയും ലഭ്യമാക്കുന്നുണ്ട്. അന്തേവാസികളിൽ ജോലി ചെയ്യാൻ താൽപര്യമുള്ളവർക്ക് തൊഴിൽ പരിശീലനം നൽകിയിട്ടുണ്ട്. ഹോട്ടൽ, ഫാമുകൾ, ചെരുപ്പ് കമ്പനി, നിർമ്മാണ മേഖല തുടങ്ങിയ ഇടങ്ങളിൽ പലരും ജോലി ചെയ്യുന്നുണ്ട്.

വി.കെ.സി മമ്മദ് കോയ നൽകിയ ഒരു കോടി രൂപയും ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റ് നൽകിയ 50 ലക്ഷം രൂപയുമടക്കം സുമനസ്സുകളുടെ സഹായത്താൽ രണ്ടു കോടിയോളം രൂപ ചിലവിലാണ് ഉദയത്തിന്റെ നാലാം ഭവനം പൂർത്തിയായത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ഇന്ത്യൻ ഇസ്റ്റിറ്റിയൂട്ട് ഓഫ് ആർക്കിടെക്സിന്റെ ആഭിമുഖ്യത്തിലുള്ള സത്‌ക്രിയ എന്നിവയുടെ പിന്തുണയും ലഭിച്ചു.

പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സന്നദ്ധ കൂട്ടായ്മകളുടെയും വ്യവസായ സംരംഭങ്ങളുടെയും നാട്ടുകാരുടേയും സഹകരണത്തിലൂടെ താത്‌കാലിക ക്യാംപുകൾ ഒരുക്കി ആവശ്യമായ സംവിധാനങ്ങൾ ഒരുക്കി നൽകിയിരുന്നു. ഇതുവരെ 1,400-ലധികം ആളുകൾക്ക് പൊതുജനപങ്കാളിത്തത്തോടെ പുനരധിവാസ സേവനങ്ങൾ ലഭ്യമാക്കി. നാനൂറോളം അന്തേവാസികളെ വെള്ളിമാടുകുന്ന്, മാങ്കാവ്, ഈസ്റ്റ്ഹിൽ എന്നീ മൂന്ന് കേന്ദ്രങ്ങളിലായാണ് പാർപ്പിച്ചിരിക്കുന്നത്. ഇന്ന് ഉദ്ഘാടനം ചെയ്യുന്ന പ്രധാന കേന്ദ്രത്തിൽ പരമാവധി 150 പേരെ പുനരധിവസിപ്പിക്കാൻ കഴിയും.

ചടങ്ങിൽ മേയർ ബീന ഫിലിപ് അധ്യക്ഷത വഹിക്കും. വനം വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രൻ ലോഗോ പ്രകാശനവും പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് വെബ്സൈറ്റ് ഉദ്ഘാടനവും തുറമുഖ വകുപ്പു മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രോഡക്ട് ലോഞ്ചും നിർവ്വഹിക്കും. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ. ഡൊണേറ്റ് ഓപ്ഷൻ പ്രകാശനം ചെയ്യും. ജില്ലാ കലക്ടർ സാംബശിവ റാവു പദ്ധതി വിശദീകരിക്കും.

Content Highlights: Udayam Homes inauguration on tuesday