ന്യൂഡല്‍ഹി: യുഎപിഎ ചുമത്തി വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ സിപിഎം പൊളിറ്റ് ബ്യൂറോയില്‍ രൂക്ഷ വിമര്‍ശനമെന്ന് റിപ്പോര്‍ട്ട്. വിഷയത്തില്‍ വിശദ ചര്‍ച്ച നടത്തുന്നതിന് കേന്ദ്ര കമ്മറ്റിക്ക് വിട്ടു. ശബരിമല വിഷയത്തില്‍ ലിംഗസമത്വം എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും പോളിറ്റ് ബ്യൂറോ വ്യക്തമാക്കി.
യുഎപിഎ കരിനിയമമാണെന്ന നിലപാട് പാര്‍ട്ടി സ്വീകരിക്കുമ്പോള്‍ പാര്‍ട്ടി ഭരിക്കുന്ന കേരളത്തില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് അനുചിതമാണെന്ന് മൂന്ന് പിബി അംഗങ്ങള്‍ ചൂണ്ടിക്കാണിച്ചു. പോലീസിനെ പഴിചാരി മാറിനില്‍ക്കാനാകില്ലെന്നും വിമര്‍ശനമുയര്‍ന്നു. കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുന്നതിനായി വിഷയം കേന്ദ്ര കമ്മിറ്റിക്കു വിടാനും തീരുമാനിച്ചു. ജനുവരിയില്‍ കേരളത്തില്‍ നടക്കുന്ന കേന്ദ്ര കമ്മിറ്റിയില്‍ വിശദമായ ചര്‍ച്ചകള്‍ നടക്കും.
ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച് ലിംഗനീതി ഉറപ്പുവരുത്തണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് പോളിറ്റ് ബ്യൂറോ വ്യക്തമാക്കി. സുപ്രീം കോടതി വിധിയില്‍ വ്യക്തതക്കുറവുണ്ടെന്നും സര്‍ക്കാര്‍ ഇതുസംബന്ധിച്ച് വ്യക്തത വരുത്തണമെന്നും പോളിറ്റ് ബ്യൂറോ നിലപാടെടുത്തു.
യുഎപിഎ അറസ്റ്റ് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് സിപിഎം പൊളിറ്റ് ബ്യൂറോയ്ക്ക് വിശദീകരണം നല്‍കിയിരുന്നു. പോലീസ് ആണ് വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതെന്നും വിഷയം സര്‍ക്കാരിന്റെ പരിഗണനയ്ക്ക് വരുമ്പോള്‍ ഉചിതമായ തീരുമാനം എടുക്കുമെന്നുമാണ് മുഖ്യമന്ത്രി അറിയിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പോലീസിന്റെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവകാശത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും പിണറായി പി.ബി. യോഗത്തെ അറിയിച്ചു.
Content Highlights: uapa arrest: criticism against kerala government in pb meeting