തിരുവനന്തപുരം: യു.എ.ഇ കോണ്‍സല്‍ ജനറലിന് സംസ്ഥാന സര്‍ക്കാര്‍ എക്‌സ് കാറ്റഗറി സുരക്ഷ നല്‍കിയത് ആര് ആവശ്യപ്പെട്ടിട്ടാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍.

കേന്ദ്രസര്‍ക്കാരില്‍ നിന്ന് അങ്ങനെ ഒരു നിര്‍ദേശമുണ്ടായിരുന്നില്ല. ഈ സുരക്ഷ വാസ്തവത്തില്‍ സുരക്ഷ ആണോ അതോ അവര്‍ തമ്മിലുള്ള ഇടപാടുകള്‍ക്ക് വേണ്ടി ആണോ എന്ന് സംശയമുണ്ട്. കോണ്‍സല്‍ ജനറലിന് ഭീഷണി ഉയര്‍ത്തുന്നത് ആരാണ്? അദ്ദേഹത്തിന്റെ ജീവന് ഭീഷണി ഉണ്ട് എന്ന് സര്‍ക്കാര്‍ എങ്ങനെ അറിഞ്ഞുവെന്ന് വ്യക്തമാക്കണമെന്നും മന്ത്രി മുരളീധരന്‍ ആവശ്യപ്പെട്ടു. 

കസ്റ്റംസ് ഓഫീസുകളിലേക്കല്ല നേതാക്കളുടെ വീടുകളിലേക്കും ജയില്‍ ഡിജിപിയുടെ ഓഫീസിലേക്കുമാണ് സിപിഎം മാര്‍ച്ച് നടത്തേണ്ടതെന്നും മന്ത്രി മുരളീധരന്‍ ചൂണ്ടിക്കാട്ടി. ഇരവാദം എന്ന ബാലിശമായ നാടകം കേരളത്തിലെ ജനങ്ങളെ വിഡ്ഡികളാക്കാന്‍ പര്യാപ്തമായിട്ടുള്ളതല്ല. അത് ഇനിയെങ്കിലും സിപിഎം നേതാക്കള്‍ മനസിലാക്കണം. സിപിഎം- ബിജെപി ഒത്തുകളിയാണെന്ന ആരോപണം ആഭ്യന്തരമന്ത്രിയായിരുന്ന ആള്‍ക്ക് ചേരുന്നതല്ലെന്ന് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയായി അദ്ദേഹം പ്രതികരിച്ചു.