പമ്പ: ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളെ പ്രതിഷേധക്കാര്‍ നീലിമലയില്‍ തടഞ്ഞു. പമ്പയില്‍ നിന്നും മുകളിലേക്ക് കയറിയ ഇവരെ തിരിച്ചറിഞ്ഞ അഞ്ച് പേര്‍ ശരണം വിളിച്ച് തടയുകയായിരുന്നു.

നേരത്തേ ശബരിമല കയറാനെത്തി മടങ്ങിയ രേഷ്മ നിശാന്തും ഷാനില സജീഷ് എന്ന യുവതിയുമാണ് ശബരിമലയിലെത്തിയത്. ആറു പുരുഷന്മാരടങ്ങിയ സംഘത്തോട് ഒപ്പമാണ് ഇവരെത്തിയത്. ഇവരെല്ലാവരും കണ്ണൂരില്‍നിന്നുള്ളവരാണ്. 

പുലര്‍ച്ചെ നാലരയോടെയാണ് രണ്ട് യുവതികളടങ്ങുന്ന എട്ടംഗ സംഘം പമ്പ കടന്ന്  നടന്നു തുടങ്ങിയത്. നീലിമലയിലെ വാട്ടര്‍ടാങ്കിന് സമീപമെത്തിയതോടെ അഞ്ചുപേര്‍ ശരണം വിളിച്ച് പ്രതിഷേധം തുടങ്ങി. തുടക്കത്തില്‍ കുറച്ച് പോലീസ് മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ പിന്നീട് കൂടുതല്‍ പേരെത്തി വലയം തീര്‍ത്തു.

sabarimala
ഫോട്ടോ: കെ ആര്‍ പ്രഹ്ലാദന്‍.

അസി. കമ്മീഷണര്‍ എ പ്രദീപ് കുമാറെത്തി ഇവരുമായി സംസാരിച്ചെങ്കിലും പിന്നോട്ട് പോകാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് അവര്‍ നിലത്തിരുന്ന് പ്രതിഷേധം തുടങ്ങി. യുവതികള്‍ നിലപാട് മാറ്റാന്‍ കൂട്ടാക്കാതെ കുത്തിയിരിപ്പ് തുടരുകയാണ്.

sabarimala
ഫോട്ടോ: കെ ആര്‍ പ്രഹ്ലാദന്‍.

ശരണം വിളിച്ച് പ്രതിഷേധിച്ച അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. എന്നാല്‍ കൂടുതല്‍ പേരെത്തി പ്രതിഷേധം തുടങ്ങിയതോടെ പോലീസ് വലയം തീര്‍ത്തു. 

103 ദിവസം വ്രതമെടുത്താണ് ശബരിമല കയറാനെത്തിയത്‌. പോലീസിനോട് സുരക്ഷ ആവശ്യപ്പെട്ടിരുന്നു. സുരക്ഷ നല്‍കാമെന്ന് പോലീസ് ഉറപ്പു നല്‍കിയിരുന്നെന്നും രേഷ്മ പറഞ്ഞു. പോലീസ് പുലര്‍ത്തുന്ന നിസ്സംഗഭാവം പുലര്‍ത്തുന്നതില്‍ ഖേദമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

നീലിമലയുടെ മൂന്നുതട്ടുകളിലായി ആയിരത്തോളം പ്രതിഷേധക്കാര്‍ മൂന്നുസംഘങ്ങളായി നിലയുറപ്പിച്ചിരിക്കുകയാണ്. പ്രതിഷേധം ശക്തമാകുമ്പോഴും പിന്മാറില്ലെന്ന നിലപാടിലാണ് യുവതികള്‍. യുവതികള്‍ക്കൊപ്പം എത്തിയ പുരുഷന്മാരുമായി പോലീസ് ചര്‍ച്ച നടത്തുകയാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ അയ്യപ്പന്മാരും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. മുണ്ടും ഷര്‍ട്ടും ധരിച്ച്, പെട്ടെന്ന് തിരിച്ചറിയാനാകാത്ത വേഷവിധാനത്തിലാണ് യുവതികള്‍ ദര്‍ശനത്തിനെത്തിയത്.

sabarimala
നീലിമലയില്‍ തടിച്ചുകൂടിയ അയ്യപ്പന്മാര്‍
പ്രതിഷധ നാമജപം നടത്തുന്നു. ഫോട്ടോ: കെ ആര്‍ പ്രഹ്ലാദന്‍.
sabarimala
ഫോട്ടോ: കെ ആര്‍ പ്രഹ്ലാദന്‍.

content highlights: two women to enter Sabarimala, protest at Neelimala