കൊല്ലം: കൊല്ലത്ത് നവജാത ശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച രണ്ട് യുവതികളെ കാണാതായി. കേസില്‍ അറസ്റ്റിലായ രേഷ്മയുടെ ഭര്‍ത്താവിന്റെ ബന്ധുക്കളായ രണ്ട് യുവതികളെയാണ് കാണാതായത്. പോലീസ് ഇവര്‍ക്കായി അന്വേഷണം നടത്തുകയാണ്. 

നവജാത ശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ മാതാവ് കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. ഈ സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്. ഇതിന്റെ ഭാഗമായി രേഷ്മയുടെ ഭര്‍ത്താവിന്റെ സഹോദരി അവരുടെ ബന്ധു എന്നിവരെയാണ്‌ വിളിപ്പിച്ചത്. 

വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് ഹാജരാകണമെന്നാണ് ഇവരോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അവര്‍ ഹാജരായിരുന്നില്ല. അതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് പോലീസ് അന്വേഷിച്ചപ്പോഴാണ് അവരെ കാണാനില്ല എന്ന വിവരം ലഭിച്ചത്. തുടര്‍ന്ന്  യുവതികള്‍ക്കായി ഇത്തിക്കരയാറ്റില്‍ അടക്കം പോലീസ് തിരിച്ചില്‍ നടത്തിയിരുന്നു. 

ഇവര്‍ വര്‍ക്കലയിലുണ്ടെന്ന വിവരവും പോലീസിന് ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വര്‍ക്കലയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.

Content Highlights: Two women missing in Kollam