ജിമ്മി ചെറിയാന്‍
ജിമ്മി ചെറിയാന്‍

വൈറ്റില: അരൂര്‍-ഇടപ്പള്ളി ദേശീയപാതയില്‍ കാറുകളുടെ മത്സരയോട്ടം ബൈക്ക് യാത്രികന്റെ ജീവനെടുത്തു. തൈക്കൂടം ഒ.എ. റോഡ് ചെമ്പകശ്ശേരി ജിമ്മി ചെറിയാന്‍ (61) ആണ് മരിച്ചത്. ലോക്ഡൗണില്‍ മത്സരയോട്ടം നടത്തിയ രണ്ട് കാറുകളിലൊന്നാണ് അപകടമുണ്ടാക്കിയത്. കൊച്ചി ബൈപ്പാസിലെ അപകട മേഖലയായ തൈക്കൂടം യു-ടേണിന് സമീപം അമിത വേഗത്തിലെത്തിയ കാര്‍ ബൈക്കിലിടിച്ചായിരുന്നു അപകടം. മലയാള മനോരമ സര്‍ക്കുലേഷന്‍ വിഭാഗം മുന്‍ സീനിയര്‍ എക്‌സിക്യുട്ടീവാണ് മരിച്ച ജിമ്മി ചെറിയാന്‍. ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം.

വൈറ്റില ഭാഗത്തുനിന്ന് മത്സരയോട്ടം നടത്തി വരികയായിരുന്ന രണ്ടു കാറുകളാണ് അപകടം ഉണ്ടാക്കിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ആലപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്കുലോറിയുടെ ഇരുഭാഗത്തു കൂടിയും ഇരുകാറുകളും ഓവര്‍ടേക്ക് ചെയ്ത് മത്സരയോട്ടം നടത്തവേയാണ് ബൈക്കില്‍ തട്ടിയതെന്ന് തൊട്ടു പിറകെ ഉണ്ടായിരുന്ന ബൈക്ക് യാത്രികന്‍ മരട് സ്വദേശി ജോസി പറഞ്ഞു.

കൊല്ലം സ്വദേശി ഉമ്മന്‍ കെ. ജോണ്‍, പള്ളുരുത്തി സ്വദേശി ശ്യാം എന്നിവരായിരുന്നു കാറുകള്‍ ഓടിച്ചിരുന്നത്. ഇതില്‍ ഉമ്മന്‍ കെ. ജോണിന്റെ കാറാണ് ബൈക്കിനെ തട്ടിയിട്ടത്. ബൈക്കില്‍ തട്ടി നിയന്ത്രണംവിട്ട് മറ്റൊരു കാറിലും തട്ടിയ ഈ കാര്‍ വട്ടംകറങ്ങി എതിര്‍ദിശയിലായാണ് നിന്നത്. പെട്ടെന്ന് ബ്രേക്കിട്ട ശ്യാമിന്റെ കാറിനു പിന്നിലും മറ്റൊരു കാര്‍ തട്ടി. മറ്റാര്‍ക്കും കാര്യമായ പരിക്കില്ല.

അപകടം കണ്ട് ഓടിക്കൂടിയവരും ദൃക്സാക്ഷികളും യുവാക്കളെ വളഞ്ഞുവച്ചു. പോലീസെത്തി ഇവരെ സ്റ്റേഷനിലേക്ക് മാറ്റിയതോടെ സംഘര്‍ഷം ഒഴിവായി. നിശ്ശേഷം തകര്‍ന്ന ബൈക്ക് മരട് സ്റ്റേഷനിലേക്കു മാറ്റി. ഉമ്മന്‍ കെ. ജോണിനെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തതായി മരട് പോലീസ് പറഞ്ഞു. പരിസരത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് ശേഖരിക്കുന്നുണ്ട്.

തൈക്കൂടം മണ്ഡപത്തില്‍ കുടുംബാംഗം ഷേര്‍ളിയാണ് ജിമ്മി ചെറിയാന്റെ ഭാര്യ. മക്കള്‍: അനിത മരിയ ജിമ്മി (ബാങ്ക് ഓഫ് ഇന്ത്യ, മാറമ്പള്ളി ശാഖ), അമല മരിയ ജിമ്മി (ഇസാഫ്, ആലുവ). മരുമക്കള്‍: എന്‍.എസ്. അമല്‍ (എസ്.ബി.ഐ, തൊടുപുഴ), സോജന്‍ ദേവസി (ബിസിനസ്). ശവസംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് 12-ന് ചമ്പക്കര സെയ്ന്റ് ജെയിംസ് പള്ളി സെമിത്തേരിയില്‍.

Content Highlights: Two-wheeler rider knocked down by car in Kochi