പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
തിരുവനന്തപുരം: ദേശീയതലത്തില്‍ ഇരുചക്രവാഹനാപകടങ്ങള്‍ കുറയുമ്പോള്‍ സംസ്ഥാനത്ത് ഭീതിജനകമായരീതിയില്‍ ഉയരുന്നു.
കേന്ദ്ര റോഡ് ഗതാഗതമന്ത്രാലയത്തിന്റെ ആക്സിഡന്റ് റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് 2018-ല്‍ വാഹനാപകടങ്ങളുടെ 45 ശതമാനം ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നു. 2022-ല്‍ 39 ശതമാനമായി കുറഞ്ഞു. എന്നാല്‍, സംസ്ഥാനത്ത് 2018-ല്‍ ഇരുചക്രവാഹന അപകടങ്ങള്‍ 61 ശതമാനമായിരുന്നു. ലോക്ഡൗണില്‍ ഗതാഗതം കുറഞ്ഞിട്ടും ഇരുചക്രവാഹനാപകടങ്ങള്‍ കൂടി. 2020-ല്‍ 67 ശതമാനവും 2021-ല്‍ 64 ശതമാനവുമായി. 2022-ല്‍ 61 ശതമാനമാണ്. പത്തുവര്‍ഷത്തെ ശരാശരി എടുത്താലും 60 ശതമാനം അപകടങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഇരുചക്രവാഹനങ്ങളുടെ ഉപയോഗം വന്‍തോതില്‍ വര്‍ധിച്ചതും റോഡുകളുടെ അപര്യാപ്തതയുമാണ് അപകടം കൂടാന്‍ കാരണമെന്നാണ് റോഡ് സേഫ്റ്റി അതോറിറ്റിയുടെ കണ്ടെത്തല്‍. സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2022-ലെ 57 ശതമാനം അപകടങ്ങള്‍ക്കും കാരണം അതിവേഗമാണ്. മദ്യപിച്ച് വാഹനം ഓടിക്കുക, തെറ്റായദിശയില്‍ ഡ്രൈവ് ചെയ്യുക, റോഡിന്റെ ശോച്യാവസ്ഥ, ഡ്രൈവര്‍മാരുടെ അശ്രദ്ധ എന്നിവയാണ് അപകടങ്ങളുടെ പ്രധാനകാരണം.
മോട്ടോര്‍വാഹനവകുപ്പിന്റെ കണക്കുകള്‍ പ്രകാരം 1.66 കോടി വാഹനങ്ങളുള്ള സംസ്ഥാനത്ത് 1.08 കോടിയും ഇരുചക്രവാഹനങ്ങളാണ്. 2019-ല്‍ 1776-ഉം 2020-ല്‍ 1239-ഉം, 2021-ല്‍ 1390-ഉം, ജീവനുകള്‍ ഇരുചക്രവാഹന അപകടങ്ങള്‍ അപഹരിച്ചിരുന്നു.
മോട്ടോര്‍വാഹന നിയമലംഘനങ്ങള്‍ക്കുള്ള പിഴ ഉയര്‍ത്തുകയും പരിശോധന ശക്തമാക്കുകയും ചെയ്തതോടെയാണ് അപകടങ്ങള്‍ കുറഞ്ഞതെന്നാണ് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ നിഗമനം. നിയമം കര്‍ശനമാക്കുകയും ബോധവത്കരണ നടപടികള്‍ വ്യാപകമാക്കുകയും ചെയ്താല്‍ അപകടം കുറയ്ക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.
Content Highlights: Two-wheeler accidents-Declining nationally, rising in Kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..