അങ്കമാലി: അര മണിക്കൂര്‍ ഇടവേളയില്‍ 83 വയസ്സുകാരിക്ക് രണ്ട് വാക്‌സിന്‍ ഡോസ് നല്‍കിയതായി പരാതി. എറണാകുളം ശ്രീമൂലനഗരം സര്‍ക്കാര്‍ ആശുപത്രിക്കെതിരേയാണ് 83 വയസ്സുകാരിയായ താണ്ഡമ്മ ആരോപണമുന്നയിച്ചിരിക്കുന്നത്. 

ഇന്നലെ ഉച്ചയോടെ 12 മണിയോടെയാണ് സംഭവം നടന്നത്. രണ്ടാം ഡോസ് വാക്‌സിനെടുക്കാനായാണ് താണ്ഡമ്മ മകനൊപ്പം എത്തിയത്. വാക്‌സിനെടുത്തതിന് ശേഷം അരമണിക്കൂര്‍ വിശ്രമിച്ചു. പിന്നീട് ചെരുപ്പ് ധരിക്കാനായി അകത്തേക്ക് കയറിയപ്പോള്‍ വീണ്ടും കുത്തിവെച്ചുവെന്നാണ് പരാതി. വാക്‌സിന്‍ എടുത്തതായി ആവര്‍ത്തിച്ച് പറഞ്ഞിട്ടും ആരോഗ്യപ്രവര്‍ത്തകര്‍ അത് ചെവികൊണ്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു. 

വീണ്ടും വാക്‌സിന്‍ എടുത്തതിനു പിന്നാലെ തളര്‍ച്ച ഉള്‍പ്പെടെ ചെറിയ രീതിയിലുള്ള അസ്വസ്ഥത അനുഭവപ്പെട്ടതായും താണ്ഡമ്മ പറഞ്ഞു. മറ്റ് പ്രശ്‌നങ്ങളില്ലാത്തതിനാല്‍ ആരോഗ്യവകുപ്പിന് പരാതി നല്‍കുന്നില്ലെന്നും ഇവര്‍ പ്രതികരിച്ചു.