.jpg?$p=d83648f&f=16x10&w=856&q=0.8)
ഹൃദ്വിൻ, ആഷ്മിൻ
വാണിമേൽ: 10 വർഷംമുമ്പ് ഹൃദയാഘാതംമൂലം പിതാവ് മരിച്ച അതേദിനത്തിൽ മകനും യാത്രയായി. വിലങ്ങാട് പുഴയിൽ മുങ്ങിമരിച്ച ഹൃദ്വിൻ, ആലപ്പാട്ട് ആഷ്മിൻ എന്നിവരാണ് ശനിയാഴ്ച കൂടല്ലൂർ കയത്തിൽ മുങ്ങിമരിച്ചത്. പത്തുവർഷംമുമ്പ് ഇതുപോലൊരു ഏപ്രിൽ 16-നാണ് ഹൃദ്വിന്റെ അച്ഛൻ കൂവത്തോട്ട് പേപ്പച്ചൻ ഹൃദായാഘാതംമൂലം മരിച്ചത്. പിതാവിന്റെ മരണത്തിനുശേഷമാണ് ഹൃദ്വിന്റെ കുടുംബം ബെംഗളൂരുവിലേക്ക് താമസംമാറ്റിയത്.
സ്കൂൾ, കോളേജ് പഠനസമയത്ത് മിടുക്കനായ വിദ്യാർഥിയായിരുന്നു ഹൃദ്വിനെന്ന് ബന്ധുക്കൾ പറഞ്ഞു. ഈസ്റ്റർ അവധിയാഘോഷത്തിനായി കുടുംബസമേതമാണ് ഹൃദ്വിൻ വിലങ്ങാട് ബന്ധുവീട്ടിൽ എത്തിയത്. വിലങ്ങാട് വാണിമേൽപ്പുഴയും നരിപ്പറ്റ പഞ്ചായത്തിന്റെ വാളൂക്കുപുഴയും സംഗമിക്കുന്ന കൂടല്ലൂർ കയത്തിലാണ് അപകടമുണ്ടായത്. വാണിമേൽപ്പുഴയുടെ വിവിധ ഭാഗങ്ങളിലെ കയങ്ങൾ നിരന്തരം അപകടം വിതയ്ക്കുന്നുണ്ട്.
വിലങ്ങാട് പമ്പ്ഹൗസിനടുത്തുവെച്ച് ബഹളം കേട്ടതോടെ വിലങ്ങാട് അങ്ങാടിയിൽനിന്ന് ആളുകൾ കുതിച്ചെത്തുകയായിരുന്നു. ബിനോയ് തോമസ് ചിലമ്പിക്കുന്നേൽ, ബിനീഷ് എബ്രഹാം നാഗതിങ്കൽ, സോയൂസ് പുളിക്കൽ, ലിബിൻ പുത്തൻപുരയിൽ, കെ.എൻ. പ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ആഷ്മിനെ കരയ്ക്കെത്തിച്ചപ്പോൾ ജീവനുണ്ടായിരുന്നു. കിലോമീറ്ററുകൾ അകലെയുളള കല്ലാച്ചിയിലെ സ്വകാര്യാശുപത്രിയിൽ എത്തിയ ശേഷമാണ് മരിച്ചത്. വാണിമേൽ പരിസരത്ത് മതിയായ ചികിത്സാസൗകര്യമുണ്ടായിരുന്നുവെങ്കിൽ കൃത്യസമയത്ത് കുട്ടിയെ രക്ഷിക്കാൻ സാധിക്കുമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വടകര ആശുപത്രിയിലേക്ക് മാറ്റി. നരിപ്പറ്റ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ, സ്ഥിരംസമിതി ചെയർമാൻ ഷാജു പ്ലാക്കൽ, മെമ്പർ അൽഫോൺസാ റോബിൻ, സി.പി.എം. ഏരിയാ സെക്രട്ടറി പി.പി. ചാത്തു, വിലങ്ങാട് ലോക്കൽ സെക്രട്ടറി എൻ.പി. വാസു, കെ.പി. രാജീവൻ എന്നിവർ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തി.
കെ. മുരളീധരൻ എം.പി., കെ.പി.സി.സി. മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ മരിച്ചവരുടെ വീടുകൾ സന്ദർശിച്ച് അനുശോചനമറിയിച്ചു.
മരിച്ചത് സഹോദരിമാരുടെ മക്കൾ
വിലങ്ങാട് പരേതനായ കൂവത്തോട്ട് പേപ്പച്ചന്റെയും മെർലിയുടെയും മകനാണ് ഹ്യദ്വിൻ (21). മെർലിയുടെ സഹോദരി മഞ്ജുവിന്റെയും ആലപ്പാട്ട് സാബുവിന്റെയും മകളാണ് ആഷ്മിൻ (14). ഹ്യദ്വിന്റെ സഹോദരി ഹ്യദ്യയെ നാട്ടുകാർ രക്ഷിച്ചു.
രാവിലെ പതിനൊന്നോടെ വിലങ്ങാട് അങ്ങാടിക്കടുത്തെ പമ്പ് ഹൗസിന് സമീപത്തെ കൂടല്ലൂർ കയത്തിലാണ് അപകടം. ഇതിനുസമീപം താമസിക്കുന്ന മാതൃസഹോദരി മഞ്ജുവിന്റെ വീട്ടിൽ ഈസ്റ്റർ അവധിക്ക് വന്നതായിരുന്നു ബാഗ്ലൂരിൽ താമസിക്കുന്ന ഹ്യദ്വിനും സഹോദരി ഹൃദ്യയും. കുളിക്കാനിറങ്ങുന്നതിനിടയിൽ കാൽവഴുതി കയത്തിൽ പോയതാണെന്ന് സംശയിക്കുന്നു. തടയണ കെട്ടിയതിനാൽ മൂന്നാൾ ഉയരത്തിൽ വെള്ളമുണ്ടായിരുന്നു. ഹ്യദ്വിന്റെ അമ്മ മെർലിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആദ്യം ആഷ്‌മിനെയും പിന്നീട് ഹ്യദ്യയെയും കരക്കെത്തിച്ചു. രണ്ടുപേർക്കും പ്രാഥമിക ചികിത്സനൽകി.
പിന്നീടാണ് ഒരാൾകൂടി വെള്ളത്തിലുണ്ടെന്ന് അറിയുന്നത്. തടയണയിൽനിന്ന് വെള്ളം ഒഴുക്കിയും മറ്റുമാണ് ഹ്യദ്വിനെ കരക്കെത്തിച്ചത്. കരക്കെത്തിച്ചപ്പോൾത്തന്നെ മരിച്ചിരുന്നു. ആഷ്മിൻ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്.
ബാംഗ്ലൂരിൽ സി.എ. വിദ്യാർഥിയാണ് ഹ്യദ്വിൻ. വിലങ്ങാട് സെയ്‌ന്റ് ജോർജ് ഹൈസ്‌കൂൾ വിദ്യാർഥിനിയാണ് ആഷ്മിൻ. അമീഷ, എയ്മിൻ എന്നിവർ സഹോദരങ്ങളാണ്. ഇരുവരുടെയും സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് വിലങ്ങാട് സെയ്‌ന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..