ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,397 അടിയിലേക്ക് താഴ്ന്നതിനെത്തുടര്‍ന്ന് രണ്ട് ഷട്ടറുകള്‍ അടച്ചു. മൂന്ന് ഷട്ടറുകളിലൂടെ ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടുമുണ്ട്. ജലനിരപ്പ് 2,397 അടിയിലെത്തിയാല്‍ രണ്ട് ഷട്ടറുകള്‍ അടയ്ക്കാന്‍ കെ.എസ്.ഇ.ബി. നേരത്തെതന്നെ തീരുമാനിച്ചിരുന്നു. ഇരുവശങ്ങളിലുമുള്ള ഷട്ടറുകളാണ് അടച്ചത്.

2,397 അടിയിലെത്തിയതോടെ ജലനിരപ്പ് സുരക്ഷിത നിലയിലായെന്ന് കെ.എസ്.ഇ.ബി. സര്‍ക്കാരിനെ അറിയിച്ചു. ഇതോടെ സെക്കന്‍ഡില്‍ ഏഴരലക്ഷം ലിറ്റര്‍ വെള്ളം ഒഴുക്കിയിരുന്നത് മൂന്ന് ലക്ഷം ലിറ്ററായി കുറച്ചു. സെക്കന്റില്‍ നാലു മുതല്‍ അഞ്ച് ലക്ഷം ലിറ്റര്‍ വരെ വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനായി ഒരു ലക്ഷം ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നതിനാല്‍ സ്ഥിതി പൂര്‍ണമായും നിയന്ത്രണ വിധേയമാണെന്നും കെ.എസ്.ഇ.ബി. അറിയിച്ചു. 

ഞായറാഴ്ചയും തിങ്കളാഴ്ചയും കനത്ത മഴയുണ്ടാകുമെന്ന് പ്രവചനമുണ്ടായിരുന്നെങ്കിലും വലിയ തോതില്‍ മഴ പെയ്തിട്ടില്ലെന്നാണ് കെ.എസ്.ഇ.ബി. അവകാശപ്പെടുന്നത്. ഇനിയും മഴ കുറയാനുള്ള സാഹചര്യം കണക്കിലെടുത്ത് അണക്കെട്ടിലെ ജലം തുറന്നുവിട്ട് പാഴാക്കേണ്ടതില്ല എന്നാണ് കെ.എസ്.ഇ.ബിയുടെ നിലപാട്.