
അറസ്റ്റിലായ പ്രതികൾ
കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘത്തിനെതിരെ രണ്ടു പുതിയ കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. എറാണാകുളം സ്വദേശികളായ ഇവന്റ്മാനേജ്മെന്റ് ടീമിലുള്ള രണ്ട് സ്ത്രീകളാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയിട്ടുള്ളത്. മാര്‍ച്ച് എട്ടിന് വാളയാറിലെ ഒരു ഹോട്ടലില്‍ സംഘം ഇവരെ പൂട്ടിയിട്ട് പണവും സ്വര്‍ണവും അപഹരിച്ചു മുങ്ങി എന്നാണ് പരാതി.
മാര്‍ച്ച് ഒമ്പതിന് രാവിലെ ഹോട്ടലില്‍ നിന്ന് ഇവര്‍ രക്ഷപ്പെടുകയായിരുന്നു. തട്ടിപ്പിലെ പ്രധാനപ്രതി റഫീഖ് ആണെന്നും പോലീസ് അറിയിച്ചു. സംഭവം നടന്നത് വാളായാര്‍ ആയതിനാല്‍ ഈ കേസ് പാലക്കാട് പോലീസിന് കൈമാറിയേക്കും. തട്ടിക്കൊണ്ടുപോകലിനും മനുഷ്യക്കടത്തിനുമാണ് കേസ് എടുത്തിരിക്കുന്നത്.
തട്ടിപ്പുസംഘത്തിന് സ്വര്‍ണക്കടത്ത്, സിനിമാ രംഗവുമായി ബന്ധമുണ്ടെന്നും കൂടുതല്‍പ്പേര്‍ തട്ടിപ്പിനിരയായി എന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ വിജയ് സാഖറെ പറഞ്ഞിരുന്നു.
ഷംനയെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതികളുടെ ചിത്രങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് കൂടുതല്‍ പേര് പരാതിയുമായെത്തിയത്. ആലപ്പുഴ സ്വദേശിയായ നടിയും കൊച്ചി കടവന്ത്ര സ്വദേശിയായ മോഡലും മറ്റൊരു യുവതിയുമാണ് പരാതിയുമായി എത്തിയത്. ആലപ്പുഴ സ്വദേശിയില്‍നിന്ന് അഭിനയിക്കാന്‍ അവസരം നല്‍കാമെന്നറിയിച്ച് പതിനായിരം രൂപയും കൊച്ചി സ്വദേശിനിയില്‍നിന്ന് സ്വര്‍ണവും തട്ടിയെടുത്തിട്ടുണ്ട്.
സിനിമ, മോഡലിങ് രംഗത്തെ നടിമാരുടെ നമ്പര്‍ കണ്ടെത്തി ഇവരെ ഫോണില്‍ വിളിച്ച് ബന്ധം സ്ഥാപിക്കും. പേരെടുത്ത കുടുംബക്കാരാണെന്നും ബിസിനസുകാരാണെന്നുമെല്ലാമാണ് ഇവര്‍ ഇരകളെ അറിയിച്ചിരുന്നത്. സിനിമയില്‍ അവസരം വാങ്ങിനല്കാമെന്നറിയിക്കുന്നതോടെ ഇവരുടെ വലയില്‍ ഭൂരിഭാഗം പെണ്‍കുട്ടികളും വീഴും. ശേഷം സ്വര്‍ണക്കടത്ത് സംഘത്തില്‍ ചേരാന്‍ പ്രലോഭിപ്പിക്കും.
വലിയ തുക കമ്മിഷനായി വാഗ്ദാനംചെയ്യും. ഇതില്‍ വീഴുന്നവരോട് സ്വര്‍ണക്കടത്ത് ബിസിനസില്‍ തുക നിക്ഷേപിക്കാന്‍ പറയും. കൂടുതല്‍ പണം ഇതിലൂടെ സമ്പാദിക്കാമെന്ന് അറിയിക്കും. ശേഷം ബിസിനസിനായി പെണ്‍കുട്ടികളില്‍നിന്ന് സ്വര്‍ണവും പണവും വാങ്ങും. ഇതിനുശേഷം മുങ്ങുന്നതാണ് പ്രതികളുടെ രീതി.
വലയില്‍ വീണവരെ ലൈംഗികമായി ദുരുപയോഗം ചെയ്തതായും പ്രതികള്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചു. വിവാഹ ആലോചനയെന്ന വ്യാജേന ഷംന കാസിമിനെ സമീപിച്ച സംഘം സ്വര്‍ണ ബിസിനസില്‍ താത്പര്യമുണ്ടോയെന്ന് ഫോണില്‍ തിരക്കിയിരുന്നു. ഇതാണ് സ്വര്‍ണക്കടത്തില്‍ പ്രതികള്‍ക്ക് ബന്ധമുണ്ടോയെന്ന സംശയം ആദ്യം ഉയര്‍ത്തിയത്.
പിന്നീട് വിശദമായി അന്വേഷിച്ചതോടെ ഇത് പോലീസ് ഉറപ്പിച്ചു. നടിമാരെ വലയിലാക്കി സ്വര്‍ണക്കടത്തിന് ഉപയോഗിച്ചോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Content Highlights: Two new cases filed against-gang that threatened shamna kasim
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..