വീണാ ജോർജ് | Photo: Mathrubhumi
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്തവര്‍ക്കെതിരെ ഫെബ്രുവരി 16 മുതല്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രണ്ടാഴ്ച കൂടി സാവകാശം അനുവദിക്കും. ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള ആളുകളുടെ തിരക്കും കൂടുതല്‍ സമയം അനുവദിക്കണമെന്ന സ്ഥാപന ഉടമകളുടെ ആവശ്യവും പരിഗണിച്ചാണ് രണ്ടാഴ്ചകൂടി സാവകാശം അനുവദിക്കുന്നത്. എല്ലാ രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാരും ആവശ്യമായ പരിശോധനകള്‍ നടത്തി അടിയന്തരമായി ഹെല്‍ത്ത് കാര്‍ഡ് നല്‍കേണ്ടതാണെന്നും മന്ത്രി നിര്‍ദേശം നല്‍കി.
അതേസമയം ഫെബ്രുവരി ഒന്നുമുതല്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ശക്തമായ പരിശോധന തുടരുന്നതാണ്. ഹെല്‍ത്ത് കാര്‍ഡില്ലാത്തവര്‍ക്ക് ഫെബ്രുവരി 15-നകം ഹെല്‍ത്ത് കാര്‍ഡ് ഹാജരാക്കാന്‍ നിര്‍ദേശം നല്‍കും. സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യവസ്തുക്കള്‍ കൈകാര്യംചെയ്യുന്ന എല്ലാ ജീവനക്കാരും ഹെല്‍ത്ത് കാര്‍ഡ് എടുക്കണം.
രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റാണ് ആവശ്യം. ഡോക്ടറുടെ നിര്‍ദേശപ്രകാരം ശാരീരിക പരിശോധന, കാഴ്ചശക്തി പരിശോധന, ത്വക്ക് രോഗങ്ങള്‍, വൃണം, മുറിവ് എന്നിവയുണ്ടോയെന്ന പരിശോധന, വാക്സിനുകളെടുത്തിട്ടുണ്ടോ എന്ന പരിശാധന, പകര്‍ച്ചവ്യാധികളുണ്ടോ എന്നറിയുന്നതിനുള്ള രക്തപരിശോധന ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തണം. സര്‍ട്ടിഫിക്കറ്റില്‍ ഡോക്ടറുടെ ഒപ്പും സീലും ഉണ്ടായിരിക്കണം. ഒരു വര്‍ഷമാണ് ഈ ഹെല്‍ത്ത് കാര്‍ഡിന്റെ കാലാവധി.
അതത് ജില്ലകളില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറമേ ആരോഗ്യവകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും ഫെബ്രുവരി ഒന്നുമുതല്‍ പരിശോധന നടത്തും. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ ശുചിത്വവും ഹെല്‍ത്ത് കാര്‍ഡും പരിശോധിക്കുന്നതാണ്. ഭക്ഷ്യസുരക്ഷാ പ്രത്യേക പരിശോധനയ്ക്കായുള്ള ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സും (ഇന്റലിജന്‍സ്) അപ്രതീക്ഷിത പരിശോധനകള്‍ നടത്തും. സ്ഥാപനങ്ങള്‍ കൂടാതെ മാര്‍ക്കറ്റുകള്‍, ചെക്ക് പോസ്റ്റുകള്‍ എന്നിവിടങ്ങളിലും പൊതുജനങ്ങളുടെ പരാതി അനുസരിച്ചും അപ്രതീക്ഷിത പരിശോധനകള്‍ നടത്തുന്നതാണ്.
ഫെബ്രുവരി ഒന്നുമുതല്‍ ശക്തമായ ഇടപെടല്‍
1. എഫ്.എസ്.എസ്. ആക്ട് പ്രകാരം എല്ലാ ഭക്ഷ്യസ്ഥാപനങ്ങള്‍ക്കും രജിസ്ട്രേഷനോ ലൈസന്‍സോ ഉണ്ടായിരിക്കണം.
2. ജീവനക്കാര്‍ ഹെല്‍ത്ത് കാര്‍ഡ് ഫെബ്രുവരി 15-നകം ഉറപ്പാക്കണം.
3. സ്ഥാപനങ്ങള്‍ ശുചിതം പാലിക്കണം.
4. ഭക്ഷ്യസുരക്ഷാ പരിശീലനം ഉറപ്പാക്കുക.
5. ഭക്ഷ്യസുരക്ഷാ മുന്നറിയിപ്പുള്ള സ്ലിപ്പോ സ്റ്റിക്കറോ നിര്‍ബന്ധം.
6. ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നിവ വ്യക്തമാക്കിയിരിക്കണം.ആ സമയത്തിനുശേഷം ആ ഭക്ഷണം കഴിക്കരുത്.
7. സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം.
8. ഷവര്‍മ മാര്‍ഗനിര്‍ദേശം പാലിക്കുക.
9. പച്ചമുട്ടകൊണ്ടുണ്ടാക്കുന്ന മയോണൈസ് ഉപയോഗിക്കരുത്.
10. ഹോട്ട് ഫുഡ്സ് വിഭാഗത്തിലുള്ള ഭക്ഷണം രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിച്ചിരിക്കണം.
11. സ്ഥാപനത്തെ ഹൈജീന്‍ റേറ്റിങ് ആക്കുക.
12. ഓരോ സ്ഥാപനവും ശുചിത്വ മേല്‍നോട്ടത്തിനായി ജീവനക്കാരില്‍ ഒരാളെ ചുമതലപ്പെടുത്തണം.
13. ഭക്ഷണത്തില്‍ മായം ചേര്‍ക്കുക എന്നത് ക്രിമിനല്‍ കുറ്റം.
14. നിയമ തുടര്‍നടപടികള്‍ വേഗത്തിലാക്കാന്‍ നടപടി.
15. അടപ്പിച്ച സ്ഥാപനങ്ങള്‍ തുറക്കാന്‍ കൃത്യമായ മാനദണ്ഡം.
16. ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യപ്പെട്ടാല്‍ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ കണ്ട് മാത്രമേ ലൈസന്‍സ് പുതുക്കി നല്‍കുകയുള്ളൂ.
17. ജീവനക്കാര്‍ക്ക് ഭക്ഷ്യസുരക്ഷാ പരിശീലനം നിര്‍ബന്ധം.
18. സ്ഥാപനം തുറന്ന ശേഷം ഒരുമാസത്തിനകം ഹൈജീന്‍ റേറ്റിങ്ങിനായി രജിസ്റ്റര്‍ ചെയ്യണം.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മൊബൈല്‍ ആപ്പ് സാങ്കേതിക അനുമതി ലഭിച്ചാലുടന്‍ ജനങ്ങളിലെത്തും. ജനങ്ങള്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കും.
Content Highlights: two more weeks to get health card, health minister veena george
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..