-
തിരുവനന്തപുരം: തമിഴ്‌നാട് അവിനാശിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ രണ്ടു മന്ത്രിമാരെ തമിഴ്‌നാട്ടിലേക്ക് അയച്ചു. ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍, കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ എന്നിവരാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം കോയമ്പത്തൂരിലേക്ക് തിരിച്ചത്. ഇവര്‍ അവിനാശിയിലെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
മാത്രമല്ല പരിക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കാനും മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടില്‍ എത്തിക്കാനും വേണ്ട സൗകര്യങ്ങള്‍ ചെയ്യാന്‍ പാലക്കാട് ജില്ലാ കലക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തമിഴ്‌നാട് സര്‍ക്കാരുമായും തിരുപ്പൂര്‍ ജില്ലാ കലക്ടറുമായും സഹകരിച്ച് സാധ്യമായ എല്ലാ ആശ്വാസ നടപടികളും കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അപകടത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസിലുള്ളവരുടെ വിവരങ്ങള്‍ അറിയാന്‍ 94950 99910 എന്ന ഹെല്‍പ്ലൈന്‍ നമ്പറില്‍ വിളിക്കാമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. സംഭവ സ്ഥലത്തുള്ള പാലക്കാട് ഡി.ടി.ഒയുടെ നമ്പറാണിത്.
അതേസമയം അപകടത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അനുശോചനം രേഖപ്പെടുത്തി. അപകടത്തിന് ഇരയായവര്‍ക്ക് എല്ലാ സഹായവും അടിയന്തരമായി എത്തിക്കണമെന്ന് അദ്ദേഹം കേരള- തമിഴ്‌നാട് സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
20 ആംബുലന്‍സുകള്‍ അയച്ചു
കോയമ്പത്തൂര്‍ അവിനാശിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റവരേയും മൃതദേഹങ്ങളും കൊണ്ടുവരാന്‍ 20 ആംബുലന്‍സുകള്‍ അയച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പത്ത് കനിവ് 108 ആംബുലന്‍സുകളും പത്ത് മറ്റ് ആംബുലന്‍സുകളുമാണ് അയയ്ക്കുന്നത്. പരിക്കേറ്റവരെ കേരളത്തിലെത്തിച്ച് ചികിത്സിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Content Highlights: Two ministers going to Tamil Nadu to coordinate relief work
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..