അലാമ ഷേക്ക്, ഷേക്ക് അഷ്‌റാവുൽ ആലം
കോലഴി: വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് ബംഗാള്‍ സ്വദേശികളായ രണ്ട് സഹോദരങ്ങള്‍ മരിച്ചു. ബര്‍ദ്ധമാന്‍ ജില്ലയിലെ അലാമ ഷേക്ക് (44), ഷേക്ക് അഷ്റാവുല്‍ ആലം (33) എന്നിവരാണ് മരിച്ചത്.
തിരൂരില്‍ തിങ്കളാഴ്ച വൈകീട്ട് എട്ടോടെയാണ് അപകടമുണ്ടായത്. മരിച്ച സഹോദരങ്ങളുടെ മൂത്ത സഹോദരന്‍ മുഹമ്മദ് ഇബ്രാഹിം ഷേക്കില്‍നിന്ന് ക്ലോസറ്റ് വഴി സെപ്റ്റിക് ടാങ്കില്‍ നഷ്ടപ്പെട്ട 13,000 രൂപ എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
സെപ്റ്റിക് ടാങ്ക് തുറന്ന് പണം എടുക്കാന്‍ ശ്രമിച്ച അലാമ ഷേക്ക് ആദ്യം ടാങ്കിലേക്ക് വീണു. ഇദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സഹോദരന്‍ അഷ്‌റാവുല്‍ ആലവും അപകടത്തില്‍പ്പെട്ടത്. മൂത്ത സഹോദരനും നാട്ടുകാരും ചേര്‍ന്നാണ് രണ്ടുപേരെയും പുറത്തെടുത്തത്. ആദ്യം വീണയാള്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ജീവനുണ്ടായിരുന്നയാള്‍ ആശുപത്രിയില്‍ മരിച്ചു.
മൂന്ന് സഹോദരങ്ങളും ഒരുമിച്ചാണ് വാടകയ്ക്ക് താമസിക്കുന്നത്. മോഷണം ഭയന്ന് പണം ട്രൗസറിലിട്ടാണ് നടക്കാറെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതാണ് സെപ്റ്റിക് ടാങ്കില്‍ പണം നഷ്ടപ്പെടാന്‍ ഇടയായത്. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..