ബിനു രാജയ്യൻ/ ഷീന
കോവളം: കര്‍ണാടകയിലെ ബെല്‍ഗാമിലുണ്ടായ കാറപകടത്തില്‍ കോവളം മുട്ടയ്ക്കാട് സ്വദേശികളായ ദമ്പതിമാര്‍ മരിച്ചു. ഇവരുടെ മക്കള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. വെങ്ങാനൂര്‍ പഞ്ചായത്തിലെ പനങ്ങോട് മുട്ടയ്ക്കാട് കിഴക്കേവിള വീട്ടില്‍ ബിനു രാജയ്യന്‍(44), ഭാര്യ ഷീന(38) എന്നിവരാണ് മരിച്ചത്. ഇവരുടെ മക്കളായ നവീന്‍(17), നിമിഷ(14) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മുട്ടയ്ക്കാടുള്ള വീട്ടില്‍ അവധിക്കാലം ചെലവിടുന്നതിനായി വരികയായിരുന്നു ബിനുവും കുടുംബവും.
ഞായറാഴ്ച ഉച്ചയോടെ ശങ്കേശ്വര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടമുണ്ടായത്. എതിരേ വന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനായി പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതോടെ കാര്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നുവെന്നാണ് ശങ്കേശ്വര്‍ പോലീസ് ബന്ധുക്കള്‍ക്ക് നല്‍കിയ വിവരം. കാറിന്റെ വലതുഭാഗം പൂര്‍ണമായും തകര്‍ന്നു. കാറോടിച്ചിരുന്ന ബിനു സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതര പരിക്കുകളോടെ ബെല്‍ഗാമിലെ സിവില്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്ന ഷീന തിങ്കളാഴ്ച രാത്രി എട്ടോടെ മരിച്ചു.
ഇടത് കൈയ്ക്ക് ഒടിവേറ്റ നിവിനെയും ശരീരത്തില്‍ ഇടിയേറ്റ നിമിഷയെയും ബെല്‍ഗാമിലെ ആശുപത്രിയിലെത്തിച്ചത് പോലീസാണ്. 20 വര്‍ഷമായി മുംബൈയിലെ നേറുല്‍ റെയില്‍വേ സ്റ്റേഷനു സമീപം സെക്ടര്‍ നമ്പര്‍ 14-ല്‍ ആണ് ബിനുവും കുടുംബവും താമസിക്കുന്നത്. സ്വകാര്യ കമ്പനിയിലെ ഡ്രൈവറായിരുന്നു ബിനു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ചൊവ്വാഴ്ച സന്ധ്യയോടെ ഇരുവരുടെയും മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചു. സംസ്‌കാരം നടത്തി.
അവധിക്കാലം ആഘോഷിക്കാനുള്ള യാത്രയ്ക്കിടെ ദുരന്തം
തിങ്കളാഴ്ച വൈകീട്ടോടെ വീട്ടിലെത്തുമെന്ന് പറഞ്ഞിരുന്ന മകളുടെയും മരുമകന്റെയും മൃതശരീരങ്ങള്‍ കണ്ട് ഷീനയുടെ അമ്മ ബേബിക്ക് കരച്ചിലടക്കാനായില്ല. മൂന്നുമാസം മുമ്പ് മുട്ടയ്ക്കാടിലെ വീട്ടിലുള്ള അമ്മ ബേബിയെ കണ്ട് മടങ്ങിപ്പോയവരാണിവര്‍. മേയ് പകുതിയോടെ നാട്ടിലെത്തുമെന്ന് അറിയിച്ചിരുന്നു. അമ്മൂമ്മയുടെയും പേരക്കുട്ടികളായ നവീന്റെയും നിമിഷയുടെയും കരച്ചിലില്‍ നാടും വിതുമ്പി.
മകളും ഭര്‍ത്താവും പേരക്കുട്ടികളും അവധിക്കാലം ആഘോഷിക്കാനായി എത്തുമെന്നറിഞ്ഞ് വലിയ സന്തോഷത്തിലായിരുന്നു വീട്. അച്ഛനും അമ്മയ്ക്കുമൊപ്പം നാട്ടിലെത്തുന്ന സന്തോഷത്തിലായിരുന്നു കുട്ടികളായ നവീനും നിമിഷയും. യാത്രയ്ക്കിടെ എതിരേ കടന്നുവന്ന ബൈക്ക് യാത്രികനെ രക്ഷപ്പെടുത്തുന്നതിനു പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് കാര്‍ അപകടത്തില്‍പ്പെടാന്‍ കാരണമായത്. നിയന്ത്രണംവിട്ട കാര്‍ കരണംമറിയുകയായിരുന്നു. കാറിനുള്ളില്‍നിന്ന് അച്ഛനെയും അമ്മയെയും രക്തംവാര്‍ന്നനിലയില്‍ പുറത്തെടുക്കുന്നത് കണ്ട ഞെട്ടല്‍ ഇവരെ വിട്ടുമാറിയിട്ടില്ല.
Content Highlights: Two Malayalees killed in a car accident in Belgaum
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..