തൊടുപുഴ: തൊടുപുഴയിൽ സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് രണ്ടു പേർക്ക് കുത്തേറ്റു. ഇളംദേശം സ്വദേശികളായ ഫൈസൽ, അൻസൽ എന്നിവർക്കാണ് കുത്തേറ്റത്. ഇതിൽ ഫൈസലിന്റെ നില ഗുരുതരമാണെന്നാണ് വിവരം.

പുലർച്ചെ 1.30നായിരുന്നു സംഭവം. ഐപിഎല്ലുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് സൂചന. എന്നാൽ പോലീസ് മൊഴി രേഖപ്പെടുത്താതിനാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ആദ്യം ഇരുവരും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ തേടിയത്. ആടിനെ വണ്ടിയിൽ നിന്ന് ഇറക്കുമ്പോൾ കുത്തേറ്റു എന്നാണ് ഇവർ ഡോക്ടറോട് പറഞ്ഞത്. എന്നാൽ ആഴത്തിലുള്ള മുറിവ് കണ്ടതോടെ ഡോക്ടർമാർ കൂടുതൽ വിവരങ്ങൾ തിരക്കുകയായിരുന്നു. ഇതോടെയാണ് ഇവർ തമ്മിൽ ഉണ്ടായ സംഘർഷത്തിലാണ് കുത്തേറ്റതെന്ന് വ്യക്തമായത്.

ഫൈസലിന്റെ അടിവയറിനാണ് കുത്തേറ്റത്. ഇയാളെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അൻസലിന്റെ കൺപുരികത്തിലാണ് കുത്തേറ്റത്. ഇതിൽ ഫൈസലിന്റെ നില ഗുരുതരമാണെന്നാണ് വിവരം.

Content Highlights: Two friends stabbed each other in thodupuzha