തിരുവനന്തപുരം: മണ്‍വിള വ്യവസായ എസ്‌റ്റേറ്റിലെ ഫാമിലി പ്ലാസ്റ്റിക് ഫാക്ടറിയിലെ തീപ്പിടിത്തം അട്ടിമറിയെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് ഫാമിലി പ്ലാസ്റ്റിക്കിലെ ജീവനക്കാരായ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. 

ചിറയിന്‍കീഴ്, കഴക്കൂട്ടം സ്വദേശികളാണ് പിടിയിലായത്. ഇരുവരുടെയും ശമ്പളം കമ്പനി വെട്ടിക്കുറച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതാവാം പ്രകോപനത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. കമ്പനിയുടെ ഭാഗത്തുനിന്ന് തൊഴിലാളി വിരുദ്ധ നടപടികളുണ്ടായതായി ഇവര്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയെന്നും സൂചനയുണ്ട്. സിറ്റി പോലീസിന്റെ ഷാഡോ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങിയത്. 

പാക്കിങ്ങിനുള്ള പ്ലാസ്റ്റിക്കിന് ലൈറ്റര്‍ ഉപയോഗിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് നിഗമനം. എന്നാല്‍ ഇത്രവലിയ തീപ്പിടിത്തമുണ്ടാവുമെന്ന് ജീവനക്കാര്‍ വിചാരിച്ചിരുന്നില്ലെന്നാണ് സൂചന. 

ഫാക്ടറിയുടെ മുകള്‍നിലയിലെ സ്റ്റോര്‍ മുറിയില്‍നിന്നായിരുന്നു തീപ്പിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. തീപ്പിടിത്തത്തെ കുറിച്ചുള്ള ഇലക്ട്രിക് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് നവംബര്‍ പത്ത് ശനിയാഴ്ച ലഭിക്കും. ഇതിനു ശേഷമേ കസ്റ്റഡിയിലെടുത്തവരുടെ അറസ്റ്റ് രേഖപ്പെടുത്തുവെന്ന് പോലീസ് അറിയിച്ചു. 

content highlights: two employees taken into custody in connection with manvila family plastic factory fire accident