പണിസ്ഥലത്തുനിന്ന് അച്ഛനെ വിളിക്കാനെത്തി, മക്കളുടെ കണ്‍മുമ്പില്‍ മുങ്ങിത്താഴ്ന്നു; പൊലിഞ്ഞത് 2 ജീവന്‍


അപകടം നടന്ന പാറക്കുളം, ഇൻസെറ്റിൽ അരുൺ, മഹേഷ്

ചെറുതോണി: പണിസ്ഥലത്തുനിന്ന് അച്ഛനെ വിളിക്കാന്‍ വേണ്ടി സന്തോഷത്തോടെയാണ് യദുവും മിഥുനും ക്ഷേത്രത്തിന് സമീപത്തേക്ക് എത്തിയത്. അവിടെയുള്ള പാറക്കുളത്തില്‍ അച്ഛന്‍ മഹേഷും സുഹൃത്തുക്കളും കുളിക്കുന്നത് അവര്‍ കണ്ടു. ചെന്നപ്പോള്‍ മുങ്ങിത്താഴുന്ന അച്ഛനെയും അദ്ദേഹത്തിന്റെ സുഹൃത്തിനെയുമാണ് കണ്ടത്.

കാമാക്ഷി അമ്പലമേട്ടില്‍ മുങ്ങിമരിച്ച മഹേഷ് പാറക്കുളത്തില്‍ അപകടത്തില്‍പ്പെട്ടത് മക്കളുടെ കണ്‍മുന്നില്‍ വെച്ചാണ്. മഹേഷിന്റെ സുഹൃത്തായ അരുണും അപകടത്തില്‍മരിച്ചു.

നാല് ദിവസമായി അമ്പലമേട് ഭദ്രകാളി ക്ഷേത്രത്തിന്റെ ചുറ്റുമതില്‍ നിര്‍മാണ ജോലികള്‍ ചെയ്തുവരുകയായിരുന്നു മഹേഷും അരുണും. വീടും ക്ഷേത്രത്തിന് അടുത്താണ്. വെള്ളിയാഴ്ച പണികഴിഞ്ഞപ്പോള്‍ ഇവര്‍ കുളത്തില്‍ കുളിക്കാന്‍ പോയി. ആ സമയമാണ് മഹേഷിന്റെ മക്കളായ യദുകൃഷ്ണനും മിഥുന്‍ കൃഷ്ണനും അവിടേക്ക് എത്തിയത്. ഈ സമയം ആഴമില്ലാത്ത ഭാഗത്തുനിന്ന് ഇവര്‍ കുളിക്കുകയായിരുന്നു. പെട്ടെന്നാണ് അരുണ്‍ കാല്‍വഴുതിവീണത്. രക്ഷിക്കാന്‍ ശ്രമിക്കവെ മഹേഷും കയത്തിലേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് സുരേന്ദ്രനും വീണെങ്കിലും കല്ലില്‍ പിടിച്ചുകിടന്നതിനാല്‍ രക്ഷപ്പെട്ടു. ഇതെല്ലാം കുട്ടികള്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു.

അവര്‍ ക്ഷേത്രത്തിലേക്ക് കരഞ്ഞുകൊണ്ട് ഓടിച്ചെന്നു പൂജാരിയെ വിവരമറിയിച്ചു. എന്നാല്‍, ആര്‍ക്കും നീന്തല്‍ അറിയില്ലായിരുന്നു. അവിടെ വാടകയ്ക്ക് താമസിച്ചിരുന്ന എറണാകുളം സ്വദേശി സംഭവം അറിഞ്ഞെത്തി 15-മിനിറ്റിനകം അപകടത്തില്‍പ്പെട്ടവരെ കുളത്തില്‍നിന്ന് പുറത്തെടുത്തു. ഇവര്‍ രക്ഷപ്പെടുമെന്ന് നാട് പ്രതീക്ഷിച്ചു. എന്നാല്‍, ആശുപത്രിയില്‍ എത്തിച്ചെങ്കിലും മഹേഷും അരുണും മരിച്ചിരുന്നു.

മഹേഷിന്റെ മരണവിവരം ഇനിയും യദുവിനെയും മിഥുനെയും അറിയിച്ചിട്ടില്ല. അവര്‍ അച്ഛന്‍ ആശുപത്രിയില്‍നിന്ന് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ്. യദു ഏഴാം ക്ലാസിലും മിഥുന്‍ രണ്ടാം ക്ലാസിലുമാണ് പഠിക്കുന്നത്. അരുണിനും രണ്ട് മക്കളാണ് ഉള്ളത്. മൂത്ത മകന്‍ അദ്വൈത് ആറാം ക്ലാസിലും ഇളയമകള്‍ ശ്രേയസി രണ്ടാം ക്ലാസിലുമാണ് പഠിക്കുന്നത്.

നാടിന്റെ എല്ലാ കാര്യങ്ങള്‍ക്കും സഹായമായി ഓടിയെത്തുന്നവരായിരുന്നു മഹേഷും അരുണും. അവരുടെ അപ്രതീക്ഷിത വേര്‍പാട് നാടിന് തീരാനോവായി.

പൊലിഞ്ഞത് രണ്ട് ജീവന്‍

ചെറുതോണി: ജോലിക്കുശേഷം പാറക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു. കാമാക്ഷി അമ്പലമേട് സ്വദേശികളായ വേലൂര്‍ അരുണ്‍ (40), ആനചാരിയില്‍ മഹേഷ് (39) എന്നിവരാണ് അമ്പലമേട് ഭദ്രകാളീ ക്ഷേത്രത്തിന് സമീപത്തെ കുളത്തില്‍ മുങ്ങിമരിച്ചത്. മഹേഷിന്റെ മക്കളുടെ കണ്‍മുന്നിലായിരുന്നു ദുരന്തം.

ക്ഷേത്രത്തിന്റെ ചുറ്റുമതില്‍ നിര്‍മാണം ചെയ്യുന്നവരായിരുന്നു ഇവര്‍. ജോലി കഴിഞ്ഞ് പതിവുപോലെ പാറക്കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു. കുളത്തിന് 20 അടിയോളം ആഴമുണ്ട്. കാല്‍വഴുതിവീണ അരുണിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടാളും മുങ്ങിത്താണു. ഇവരുടെകൂടെ ഉണ്ടായിരുന്ന കല്ലനാനില്‍ സുരേന്ദ്രനും വെള്ളത്തില്‍ വീണെങ്കിലും കല്ലില്‍ പിടിച്ച് കരയ്ക്കുകയറി. കണ്ടുനിന്ന മഹേഷിന്റെ മക്കള്‍ ക്ഷേത്രം ശാന്തി അരുണിനെ വിവരമറിയിച്ചു. ബഹളം കേട്ടെത്തിയവരില്‍ ആര്‍ക്കും നീന്തല്‍ അറിയില്ലായിരുന്നു. തുടര്‍ന്ന് ഇടുക്കി അഗ്‌നിരക്ഷാ സേനയെ വിവരമറിയിച്ചു. അവരെത്തും മുമ്പ്, സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന എറണാകുളം സ്വദേശി ഇരുവരേയും പുറത്തെടുത്തു. ഉടന്‍ തങ്കമണി സഹകരണാശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരെയും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ഇരുവരുടെയും മൃതദേഹങ്ങള്‍ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. അരുണിന്റെ ഭാര്യ ശ്രീലക്ഷ്മി. മക്കള്‍: അദ്വൈത്, ശ്രേയസി. മഹേഷിന്റെ ഭാര്യ രാജി. മക്കള്‍: യദുകൃഷ്ണന്‍, മിഥുന്‍ കൃഷ്ണ. ഇരുവരുടെയും സംസ്‌കാരം ശനിയാഴ്ച വീട്ടുവളപ്പില്‍.

Content Highlights: two drowns to death in cheruthoni


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


ശശി തരൂർ,മല്ലികാർജുൻ ഖാർഗേ

2 min

ട്വിസ്റ്റ്; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി, ആന്റണിയുടെ ഒപ്പ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിക്ക്

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented