പ്രതീകാത്മക ചിത്രം | Photo: PTI
ലണ്ടന്‍: ആസ്ട്രാസെനെക്ക, ഫൈസര്‍ കോവിഡ് വാക്സിനുകളുടെ രണ്ട് ഡോസുകള്‍ കോവിഡിന്റെ ഡെല്‍റ്റ (ബി.1.617.2) വകഭേദത്തിനെതിരേ മികച്ച പ്രതിരോധം നല്‍കുന്നുവെന്ന് പഠനം. ഇംഗ്ലണ്ട് പബ്ലിക്ക് ഹെല്‍ത്ത് 14,019 പേരില്‍ നടത്തിയ പഠനത്തിലാണ് ഇരു വാക്സിനുകളും ആശുപത്രി പ്രവേശനത്തിനെതിരേ മികച്ച പ്രതിരോധം നല്‍കുമെന്ന് കണ്ടെത്തിയത്. ഡെല്‍റ്റ വകഭേദം ബാധിച്ച 14,019 പേരില്‍ 166 പേര്‍ക്ക് മാത്രമാണ് ആശുപത്രി പ്രവേശനം വേണ്ടിവന്നത്.
ആസ്ട്രാസെനെക്കയുടെ രണ്ട് ഡോസും സ്വീകരിച്ചവരില്‍ ഡെൽറ്റ വകഭേദത്തിനെതിരെയുള്ള പ്രതിരോധം 92 ശതമാനം ഫലപ്രദമായിരുന്നു. എന്നാല്‍ ഫൈസറിന്റെ കാര്യത്തില്‍ ഇത് 96 ശതമാനമാണ്. ആസ്ട്രാസെനെക്ക, ഫൈസര്‍ വാക്സിനുകള്‍ ഒരു ഡോസ് വാക്സിന് മാത്രം സ്വീകരിച്ചവരിലും ഡെല്‍റ്റ വകഭേദത്തിനെതിരേ മികച്ച പ്രതിരോധം നല്‍കുന്നുണ്ടെന്ന് പഠനം പറയുന്നു. ഒറ്റ ഡോസ് ആസ്ട്രാസെനെക വാക്സിന് 71 ശതമാനം പ്രതിരോധം നല്കുമ്പോള് ഫൈസറിന്റെ കാര്യത്തില്‍ ഇത് 94 ശതമാനമാണ്.
കോവിഡിന്റെ ഡെല്‍റ്റ (ബി.1.617.2) വകഭേദത്തിനെതിരേ ആസ്ട്രാസെനെക്ക,ഫൈസര്‍ വാക്സിനുകള്‍ ഫലപ്രദമാനെന്ന് പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട് നേരത്തെ കണ്ടെത്തിയിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടമാക്കുന്ന കോവിഡ് രോഗികളിലും ഇരു വാക്സിനുകളും നല്ല പ്രതിരോധം നല്‍കുന്നവെന്നായിരുന്നു കണ്ടെത്തല്‍. രോഗ ലക്ഷണമുള്ളവരില്‍ ആസ്ട്രാസെനെക്ക 67 ശതമാനവും ഫൈസര്‍ 88 ശതമാനവും സംരക്ഷണം നല്‍കുന്നുവെന്നായിരുന്നു പഠനം.
ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ പഠനമാണെന്നാണ് വിലയിരുത്തല്‍. ഓക്സഫർഡ് സർവകലാശാലയും ആസ്ട്രാസെനക്കയും ചേർന്ന് വികസിപ്പിച്ചതതാണ് ആസ്ട്രസെനക്ക വാക്സിൻ. ഇന്ത്യയിൽ ഇത് കോവിഷീൽഡ് എന്ന പേരിലാണ് വിതരണം ചെയ്യുന്നത്. പൂണെ ആസ്ഥാനമായ സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് കോവിഷീൽഡ് ഉത്പാദിപ്പിക്കുന്നത്.
Content Highlights: Two doses of AstraZeneca offer high protection against delta variant, says Public Health England study
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..