ചെങ്ങണയിൽ നിയന്ത്രണം വിട്ട ചരക്കുലോറി ഓട്ടോകളെ ഇടിച്ചിട്ടശേഷം റോഡരികിലേക്ക് ഇറങ്ങിയ നിലയിൽ
മഞ്ചേരി: ചെങ്ങണയില്‍ നിയന്ത്രണം വിട്ട ചരക്കുലോറി രണ്ട് ഓട്ടോറിക്ഷകളിലും ഒരു കാറിലുമിടിച്ച് ഓട്ടോയാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. രാമംകുളം നടുക്കണ്ടി മുഹമ്മദ് റഫീഖ് (35), നെല്ലിക്കുത്ത് പാടാല ഫിറോസിന്റെ മകന്‍ റബീഹ് (10) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടായിരുന്നു അപകടം.
മഞ്ചേരി ഭാഗത്തുനിന്ന് പാണ്ടിക്കാട്ടേക്ക് പോകുകയായിരുന്ന ലോറി എതിരേ വന്ന വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ട് ഓട്ടോറിക്ഷകളും തകര്‍ന്നു. കാറിനും കാര്യമായ നാശമുണ്ടായി.
പെരുന്നാളിന് ഭാര്യ തസ്‌നിയെയും രണ്ട് കുട്ടികളെയും ഓട്ടോയില്‍ നെല്ലിക്കുത്തിലെ വീട്ടിലാക്കി രാമംകുളത്തെ സ്വന്തം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് റഫീഖിന് അപകടം പറ്റിയത്. ഓട്ടോ റോഡരികിലേക്ക് മറിഞ്ഞു. റഫീഖിനെ കൂടാതെ ഡ്രൈവര്‍ മാത്രമാണ് ഓട്ടോയിലുണ്ടായിരുന്നത്. ഡ്രൈവര്‍ ജുനൈസ് ഓട്ടോയില്‍നിന്ന് ചാടി രക്ഷപ്പെട്ടു.
പിന്നാലെ വന്ന രണ്ടാമത്തെ ഓട്ടോറിക്ഷയിലാണ് ഫിറോസും കുടുംബവും സഞ്ചരിച്ചിരുന്നത്. അപകടത്തില്‍ പരിക്കേറ്റ റബീഹ് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ഫിറോസിനെ (44) മഞ്ചേരിയിലും ഭാര്യ റുക്സാന (36), മകള്‍ റാനിയ (14) എന്നിവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. മുഹമ്മദ് റഫീഖിന്റെ ഭാര്യ തസ്ലിയ. മക്കള്‍: മുഹമ്മദ് റബീഹ്, ഫാത്തിമ റജ.
നാടിന്റെ തേങ്ങലായി ആ വിരുന്ന യാത്ര
പെരുന്നാള്‍ദിനത്തില്‍ ആ രണ്ടു കുടുംബങ്ങളിലും വീണ കണ്ണീര്‍ നാടിന്റെ തേങ്ങലായി മാറി. മാതൃവീടുകളില്‍ സന്തോഷത്തോടെ ഒത്തുചേരാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ചരക്കുലോറി ഇടിച്ചിട്ട ഓട്ടോറിക്ഷകള്‍ക്കൊപ്പം നഷ്ടമായത് രണ്ടു കുടുംബത്തിന്റെ പ്രതീക്ഷകളാണ്.
ഞായറാഴ്ച അഞ്ചുമണിയോടെയാണ് നാടിനെ നടുക്കിയ അപകടവാര്‍ത്തയെത്തിയത്. ഇടിയുടെ കനത്ത ശബ്ദം കേട്ട് ഓടിക്കൂടിയവരാണ് ഓട്ടോറിക്ഷകളിലുള്ളവരെ ആശുപത്രിയിലെത്തിച്ചത്. ഉച്ചയോടെ വീട്ടിലെ ആഘോഷങ്ങളൊക്കെ കഴിഞ്ഞ് ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു ഇവര്‍. രാമംകുളത്തുള്ള റഫീഖ് ഭാര്യ തസ്ലിയയെയും മക്കളായ മുഹമ്മദ് റബീഹിനെയും ഫാത്തിമ റജയെയും കൂട്ടി പയ്യനാട്ടുള്ള വീട്ടിലെത്തി. അവരെ അവിടെ വിട്ട് സ്വന്തം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് റഫീഖ് അപകടത്തില്‍പ്പെട്ട് ആശുപത്രിയിലാണെന്ന വിവരം അറിഞ്ഞത്. ഇതോടെ സന്തോഷം സങ്കടത്തിന് വഴിമാറി.ബന്ധുക്കള്‍ മഞ്ചേരിയിലെ വിവിധ ആശുപത്രികളിലേക്ക് ഓടിയെത്തി.
തുറക്കല്‍ വട്ടപ്പാറയില്‍ പിലാത്തോടന്‍ റുക്സാനയും ഭര്‍ത്താവ് ഫിറോസും മക്കളും സല്‍ക്കാരം കഴിഞ്ഞ് നെല്ലിക്കുത്തുള്ള ഭര്‍ത്തൃവീട്ടിലേക്ക് പോകുകയായിരുന്നു. ചരക്കുലോറി ഇവരുടെ ഓട്ടോറിക്ഷയും ഇടിച്ചുമറിച്ചിട്ടതോടെ പൊലിഞ്ഞത് പത്തുവയസ്സുകാരന്‍ റബീഹിന്റെ ജീവനാണ്.
ഗുരുതരമായി പരിക്കേറ്റ ഫിറോസും റുക്സാനയും തങ്ങളുടെ മടിയിലിരുന്ന മകന്റെ വിയോഗം ഉള്‍ക്കൊള്ളാനാവാതെ ചികിത്സയില്‍ കഴിയുകയാണ്.
Content Highlights: two died manjeri chengana accident
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..